Html

Sunday, October 16, 2022

ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും".

*മുൻമന്ത്രി ശ്രീ കെ. ടി. ജലീൽ ഇന്നലെ  ഫേസ്ബുക്കിൽ "ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും". എന്ന തലക്കെട്ടോടെ കുറിച്ച പോസ്റ്റിന് ഒരു സന്യാസിനി നൽകുന്ന മറുപടി:*

ആദ്യം തന്നെ മുൻമന്ത്രി ശ്രീ ജലീലിനോട് മുസ്ലീം യുവതികൾ ധരിക്കുന്ന ഹിജാബിനെ ക്രൈസ്തവ സന്യസ്തർ ധരിക്കുന്ന ശിരോവസ്ത്രത്തോട് (വെയിൽ) താരതമ്യം ചെയ്യരുത് എന്ന് സ്നേഹപൂർവ്വം ഒന്ന് ഓർമ്മപ്പെടുത്തുന്നു. കാരണം പറക്കമുറ്റാത്ത പ്രായത്തിൽ ആരും അടിച്ച് ഏല്പിക്കുന്ന ഒന്നല്ല ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രം. ക്രൈസ്തവ സന്യസ്തർ 19 വയസ് പൂർത്തിയാകാതെ ആരും ഈ വെയിലോ, സന്യാസ വസ്ത്രമോ ധരിക്കാറില്ല... 

ഒരു ക്രൈസ്തവ യുവതി സന്യാസിനി ആകാൻ ആഗ്രഹിച്ച് ഏതെങ്കിലും ഒരു  മഠത്തിന്റെ പടികൾ കടന്ന് ചെന്നാൽ, "ഇന്നാ പിടിച്ചോ. നീ ഈ വെയിലും വസ്ത്രവും ധരിച്ച് ഇനി മുതൽ ഇവിടെ ജീവിച്ചാൽ മതി" എന്ന് ഒരു സന്യാസ സഭയുടെ അധികാരികളും പറയില്ല. കാരണം അവൾ  കടന്ന് പോകേണ്ട ചില കടമ്പകൾ ഉണ്ട്. അതായത് കുറഞ്ഞത് 5 വർഷം എന്താണ് സന്യാസം എന്ന് ആദ്യം തന്നെ ദൈവവചനത്തിന്റെ വെളിച്ചത്തിൽ വ്യക്തമായി പഠിക്കണം. പിന്നെ അവരായിരിക്കുന്ന സന്യാസ സഭയുടെ നിയമാവലികളും അതാത് സന്യാസ സഭയുടെ ഡ്രസ്സ് കോഡും എന്താണ്, അത് എന്തിന് ധരിക്കുന്നു തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി പഠിച്ച ശേഷം അവൾക്ക് ബോധ്യമായ കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാൻ കഴിയും എന്ന ഉറച്ച ബോധ്യം ഉണ്ടെങ്കിൽ മാത്രം, (ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ല) പൂർണ്ണ സ്വാതന്ത്ര്യത്തോടെ മാത്രം തിരഞ്ഞെടുക്കുന്ന ഒരു ജീവിതാന്തസാണ് സന്യാസം.

വ്യത്യസ്ത ചൈതന്യം ജീവിക്കുന്ന 420 - ൽ പരം സന്യാസ സഭകൾ (വിവിധ പ്രോവിൻസുകൾ ഉൾപ്പെടെ) കേരളത്തിൽ ഇന്ന് നിലവിലുണ്ട്. അവരിൽ കാൽപാദം വരെ, അല്ലെങ്കിൽ മുട്ടിന് താഴെവരെ നീളമുള്ള ഉടുപ്പിനൊപ്പം ശിരോവസ്ത്രം ധരിക്കുന്നവരും ശിരോവസ്ത്രമില്ലാതെ സാരി മാത്രം ധരിക്കുന്നവരും ശിരോവസ്ത്രവും സാരിയും ധരിക്കുന്നവരും ചുരിദാർ മാത്രം ധരിക്കുന്നവരും ഒക്കെ ഉണ്ട്. ഓരോ സന്യാസ സഭയുടെയും ഡ്രസ്സ് കോഡുകൾ വ്യത്യസ്തമായിരിക്കും. കാലത്തിനും ദേശത്തിനും സംസ്കാരത്തിനും അനുസരിച്ച് അല്പം ഫ്ലെക്സിബിൾ ആകാൻ ഞങ്ങൾക്ക് മടി ഒന്നും ഇല്ല കേട്ടോ... അതായത് പിന്നോട്ടല്ല, മുന്നോട്ടാണ് ഞങ്ങൾ സഞ്ചരിക്കാറ്.

18 വയസ് പൂർത്തിയായ ഏതൊരു സ്ത്രീക്കും വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമുള്ള ഈ രാജ്യത്ത് (18 വയസ് എന്ന് ഭരണഘടന പറഞ്ഞാലും 15 വയസ് മുതൽ നിർബന്ധിച്ച് വിവാഹം കഴിക്കേണ്ടി വരുന്ന ഇരുപത്തിഓരായിരത്തിൽ പരം യുവതികൾ കേരളത്തിൽ ഉണ്ട് എന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് വായിച്ചത് ഓർമ്മയിലുണ്ട്) ഒരു ക്രൈസ്തവ യുവതി പോലും ഇന്ന് 19 വയസിന് മുമ്പ് സന്യാസിനിയായി വ്രതം ചെയ്യാറില്ല എന്ന പച്ചയായ സത്യം ഒന്ന് ഓർമ്മിപ്പിക്കുന്നു. പിന്നെ 19 ആം വയസിലോ 20 ആം വയസിലോ ആദ്യവ്രതം ചെയ്യുന്ന സന്യാസിനികളിൽ ആരും തന്നെ 24 വയസിന് മുമ്പ് നിത്യവ്രതം ചെയ്യാറുമില്ല... നിത്യവ്രതം ചെയ്തെങ്കിൽ മാത്രമേ ഒരുവൾക്ക് യഥാർത്ഥ സന്യാസിനി എന്ന അംഗീകാരം കിട്ടുകയുള്ളൂ...

ആദ്യവ്രതം മുതൽ നിത്യവ്രതം വരെയുള്ള 6 വർഷക്കാലം നവസന്യാസിനികൾക്ക് ആർക്കെങ്കിലും സന്യാസം ഉപേക്ഷിക്കണം എന്ന് തോന്നുകയാണെങ്കിൽ തിരിച്ച് പോകാനുള്ള എല്ലാ സ്വാതന്ത്ര്യവും ഓരോ സന്യാസ സഭയുടെയും നിയമാവലി വ്യക്തമായി നൽകുന്നുണ്ട്. നിത്യവ്രതം ചെയ്താൽ പോലും ഏതെങ്കിലും സന്യാസിനിക്ക് സന്യാസം ഉപേക്ഷിച്ച് വിവാഹം കഴിക്കാൻ ആഗ്രഹം തോന്നിയാൽ ആരും അവരെ നിർബന്ധിച്ച് പിടിച്ച് വയ്ക്കാറുമില്ല. അതുപോലെ തന്നെ ആരും അവരുടെ തലയറുക്കുകയോ, കൈകാലുകൾ വെട്ടി നുറുക്കുകയോ ചെയ്യാറില്ലെന്നേ... 

"ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഇഷ്ടപ്പെട്ട വസ്ത്രധാരണ രീതി സ്വീകരിക്കുന്നത് തെറ്റല്ല. മൗലികാവകാശമാണ്" എന്ന് താങ്കളുടെ പോസ്റ്റിൽ കുറിച്ചിട്ടുണ്ടല്ലോ. അപ്പോൾ പിന്നെ എന്തിനാണ് ക്രൈസ്തവ സന്യസ്തരെ നോക്കി ഇത്ര നൊമ്പരപ്പെടുകയും പിറുപിറുക്കുകയും ചെയ്യുന്നത്..? കേരള ഹൈക്കോടതിയുടെ വിധിയാണ് ഓരോ സ്ഥാപനങ്ങളിലെയും യൂണിഫോം കോഡ് മാറ്റിമറിക്കാൻ ഗവൺമെന്റിന് പോലും അധികാരം ഇല്ല എന്നത്. 

ക്രൈസ്തവ സന്യസ്തർ ഏതെങ്കിലും കോളേജിൽ പഠിക്കാൻ ചെല്ലുമ്പോൾ സന്യാസ വസ്ത്രം പാടില്ല എന്ന് ആ സ്ഥാപനം നിബന്ധന വച്ചാൽ, ഞങ്ങൾ ആരും സന്യാസ വസ്ത്രത്തോടെ എനിക്ക് അവിടെ പഠിച്ചേ മതിയാകൂ എന്ന് ഒരിക്കലും വാശി പിടിക്കാറില്ല. അല്ലെങ്കിൽ സന്യാസിനിയായ ഒരാൾക്കുവേണ്ടി 3000 കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിലെ നിയമം പൊളിച്ചെഴുതണം എന്ന് പറഞ്ഞ് ഞങ്ങളാരും  പ്രകോപനവും മാർച്ചുമായി അവരെ ശല്യം ചെയ്യാറില്ല. യൂണിഫോം കോഡുള്ള സ്ഥാപനത്തിൽ ആ യൂണിഫോം സ്വീകരിക്കാൻ സന്യാസ സഭയുടെ നിയമം അനുവദിക്കുന്നില്ലെങ്കിൽ മറ്റ് ഏതെങ്കിലും സ്ഥാപനത്തിൽ പോയി പഠിക്കും. ഒരു യൂണിഫോമിനു വേണ്ടി ആളെ കൂട്ടി കലാപം ഉണ്ടാക്കുന്ന തരംതാണ ശൈലി ഞങ്ങൾക്കില്ല...

നീണ്ട വസ്ത്രവും ശിരോവസ്ത്രവും ധരിക്കുമ്പോഴും ഞങ്ങളുടെ മുഖം ഒരു തരത്തിലും ഞങ്ങൾ മറയ്ക്കാറില്ല. കാരണം മുഖം മറയ്ക്കുന്നത് ആ വ്യക്തിയുടെ വ്യക്തിത്വത്തെ തന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണ്. പിന്നെ
ആരുടെയും കാമക്കണ്ണുകളെ ഭയന്നല്ല ക്രൈസ്തവ സന്യസ്തർ സന്യാസ വസ്ത്രവും ശിരോവസ്ത്രവും ധരിക്കുന്നത്. മറിച്ച് നൂറ്റാണ്ടുകളായി അവിവാഹിതകളായ കന്യകകളും രാജകുമാരിമാരും ധരിക്കാറുള്ള വസ്ത്രമാണ് കൈ നീളമുള്ള നീണ്ട അങ്കി. (യഹൂദ-ക്രൈസ്തവ പാരമ്പര്യം ആണ് കേട്ടോ) ലൈംഗികതയ്ക്കും സുഖലോലുപതയ്ക്കും മാത്രം പ്രാധാന്യം നൽകി നെട്ടോട്ടം ഓടുന്ന കോടാനുകോടി ജനങ്ങൾക്ക് ഈ നീണ്ട വസ്ത്രം ധരിച്ച സന്യാസിനിമാർ ഒരു സാക്ഷ്യമാണ്. അതായത് ഈ ലോക സുഖങ്ങൾക്ക് അപ്പുറത്ത് മറ്റൊരു ജീവിതം ഉണ്ട് എന്ന സാക്ഷ്യം. ഇന്ന് നിങ്ങൾ നേടുന്ന നേട്ടങ്ങളും സുഖങ്ങളും വെറും വ്യർത്ഥമാണ് എന്ന ഒരു ഓർമ്മപ്പെടുത്തൽ... ഈ യാഥാർത്ഥ്യം അറിയാവുന്ന ഒരു സന്യാസിനിയും  ഒരിക്കലും സന്യാസ വസ്ത്രം ഒരു അലങ്കാരമായി അണിയാറില്ല. കത്തോലിക്കാ സഭയെ താറടിച്ച് പേരിനും പ്രശസ്തിക്കും വേണ്ടി ചിലർ ഈ അടുത്ത നാളിൽ ക്രൈസ്തവ സന്യാസ വസ്ത്രം അലങ്കാരമായി എടുത്തണിയാറുണ്ടെന്ന കാര്യം മറന്ന് പോയിട്ടില്ല...

1979 ലെ വിപ്ലവത്തിൽ കൂടി അധികാരത്തിൽ എത്തിയ ഇറാനിലെ പരമാധികാരി നടപ്പിലാക്കിയ നിർബന്ധിത വസ്ത്രധാരണത്തിന് എതിരെ ഇന്ന് ഇറാനിൽ ഭയാനകമായ പ്രതിഷേധങ്ങൾ നടക്കുകയാണ്. ഒരു പക്ഷേ ഇറാനിലെ പ്രതിഷേധങ്ങൾ ഒന്നും കേരള മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടാറില്ലാത്തത് ഒരു പുത്തരിയല്ല. തങ്ങളുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ തങ്ങൾ സമ്മതിക്കില്ല എന്ന് സധൈര്യം വിളിച്ച് പറഞ്ഞ് മരണത്തെ പുൽകുന്ന നൂറുകണക്കിന് യുവജനങ്ങളുടെ ധീരത പാശ്ചാത്യ മാധ്യമങ്ങൾ ലോകത്തിന് മുമ്പിൽ തുറന്ന് കാണിക്കുമ്പോൾ ഒത്തിരി വേദന തോന്നി. ഏത് മതം ആണെങ്കിലും ഏത് ജീവിതാന്തസ് ആണെങ്കിലും ആരും ആരെയും അടിച്ചേൽപ്പിക്കുന്ന ഒന്നായിരിക്കരുത് വസ്ത്രധാരണം. പിന്നെ പ്രായപൂർത്തിയായ ഒരുവൾ പൂർണ്ണ സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുത്ത ഒരു ജീവിതാന്തസിനെ നോക്കി പിറുപിറുക്കാനും കുറ്റപ്പെടുത്താനും പോകുന്നത് അവളുടെ മൗലിക സ്വാതന്ത്ര്യത്തിലേയ്ക്കുള്ള ഒരു കടന്നുകയറ്റം ആണ്. അതുകൊണ്ട് പരസ്പരം ബഹുമാനിക്കാൻ പഠിക്കാം എന്ന ഓർമ്മപ്പെടുത്തലോടെ,

🖌️ സ്നേഹപൂർവ്വം,

*സി. സോണിയ തെരേസ്            ഡി. എസ്. ജെ*

NB: 
മുൻമന്ത്രി ശ്രീ കെ. ടി. ജലീൽ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിന് ഒരു മറുപടി കൊടുക്കാതിരുന്നാൽ ഞാൻ ജീവിക്കുന്ന സന്യാസത്തോട് ചെയ്യുന്ന ഏറ്റവും വലിയ ഒരു അപരാധം ആയി പോകും എന്ന് എന്റെ മനസ്സ് മന്ത്രിച്ചതു കൊണ്ടാണ് ഈ വരികൾ ഇവിടെ കോറിയിടുന്നത്.

🔰

ആരാധനാലയങ്ങളെ നിയന്ത്രിക്കാനുള്ള സുപ്രധാനമായ ഒരു ഹൈക്കോടതി വിധി

ആരാധനാലയങ്ങളെ നിയന്ത്രിക്കാനുള്ള സുപ്രധാനമായ ഒരു ഹൈക്കോടതി വിധി കുറച്ചു നാളുകള്‍ക്ക് മുന്‍പ് പുറത്തുവന്നിരുന്നു. ഒരു വനിതയുടെ ദീര്‍ഘകാല നിയമ പോരാട്ടമാണ് ഈ വിധിക്ക് കാരണമായത്. മുക്കിനും മൂലയിലും പള്ളി വേണമെന്ന് ഖുറാനില്‍ ഒരിടത്തും പരാമര്‍ശിക്കപ്പെട്ടിട്ടില്ലെന്നാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ നിര്‍ണായക വിധിന്യായത്തില്‍ പറഞ്ഞത്. ആരാധനാലയങ്ങള്‍ക്ക് ലൈസന്‍സ് വേണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അംഗീകാരമില്ലാത്ത മത സ്ഥാപനങ്ങള്‍ പൂട്ടണമെന്ന സൂചനകളുമായി കേരള ഹൈക്കോടതിയുടെ വിധിന്യായം വന്നപ്പോള്‍ താരമായത് ഒരു വനിതയാണ്. നിലമ്ബൂര്‍ അമരമ്ബലം തോട്ടേക്കാട് നിവാസി ആനി എം ജോര്‍ജ് ആണ് നിശ്ചയദാര്‍ഢ്വത്തിന്റെ പര്യായമായ വനിത. ആനിയുടെ പരാതിയിലാണ് ഈ വിധി വന്നത്.

ഇപ്പോഴിതാ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ നിന്നും സമാനമായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. നാട്ടുകാര്‍ക്ക് ശല്യമായ ഒരു ആരാധനാലയം പൂട്ടണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടു. ഈ ഉത്തരവിന് കാരണമായതും ഒരു വനിത തന്നെ. പത്തനംതിട്ട സ്വദേശിനി മിനി ഷാജി. അത്ഭുത രോഗശാന്തി തട്ടിപ്പുവീരന്‍ ബിനു വാഴമുട്ടം നടത്തിവന്ന ധ്യാന കേന്ദ്രം പൂട്ടണമെന്നായിരുന്നു ഹൈക്കോടതി വിധി.

2018 മുതല്‍ നാട്ടുകാര്‍ക്ക് ശല്യമായി അടൂര്‍ പത്തനംതിട്ട റോഡരികില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു ഈ ധ്യാന കേന്ദ്രം. ഉച്ചത്തിലുള്ള ഉച്ചഭാഷിണി ഉപയോഗം നാട്ടുകാര്‍ക്ക് തെല്ലൊന്നുമല്ല അസ്വസ്ഥതയുണ്ടാക്കിയത്. കൂടാതെ റോഡരികിലെ പാര്‍ക്കിങ് സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക്. നാട്ടുകാര്‍ സഹികെട്ടു . പഞ്ചായത്തില്‍ പരാതി നല്‍കി. പഞ്ചായത്ത് പരിശോധിച്ചപ്പോള്‍ വാണിജ്യാവശ്യത്തിന് പെര്‍മിറ്റ് നല്‍കിയ കെട്ടിടത്തിലാണ് ധ്യാന കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടത്തി. ആരാധനാലയം പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സും ഇല്ലായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ആരാധനാലയത്തിന് സ്റ്റോപ്പ് മെമോ നല്‍കി. എന്നാല്‍ ബിനു വാഴമുട്ടം കണ്ട ഭാവം നടിച്ചില്ല. അലര്‍ച്ചയും ബഹളവും തുടര്‍ന്നു. സഹികെട്ട നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. ധ്യാന കേന്ദ്രം അടച്ചുപൂട്ടാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ കളക്ടര്‍ക്ക് ഉത്തരവ് നല്‍കി. ഉത്തരവ് നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. എന്നിട്ടും ഒന്നും നടന്നില്ല. ബിനു വാഴമുട്ടത്തിന്റെ ആരാധനാലയം നിര്‍ബാധം പ്രവര്‍ത്തിച്ചു.

ശല്യം സഹിക്കാതെ വന്നപ്പോഴാണ് മിനി ഷാജി ഹൈക്കോടതിയെ സമീപിച്ചത്. നിയമ പോരാട്ടത്തിന് ഒടുവില്‍ കഴിഞ്ഞ ദിവസം വിധി വന്നു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചു വന്ന ബിനു വാഴമുട്ടത്തിന്റെ ആരാധനാലയം അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മിനി ഷാജി നടത്തിയ പോരാട്ടത്തിന് സമാനമായ ഒന്നാണ് മലപ്പുറത്ത് ആനിയും നടത്തിയത്. മുക്കിനും മൂലയിലും പള്ളി വേണമെന്ന് ഖുറാനില്‍ ഒരിടത്തും പരാമര്‍ശിക്കപ്പെട്ടില്ല-ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്റെ നിര്‍ണ്ണായക വിധിന്യായത്തില്‍ ഇങ്ങനെ പറയുന്നു. ഒപ്പം ആരാധനാലയങ്ങള്‍ക്ക് ലൈസന്‍സ് വേണമെന്നും ഹൈക്കോടതി ജഡ്ജി ഉത്തരവിട്ടു. അംഗീകാരമില്ലാത്ത മത സ്ഥാപനങ്ങള്‍ പൂട്ടണമെന്ന സൂചനകളുമായി കേരളാ ഹൈക്കോടതിയുടെ വിധിന്യായം വരുമ്ബോള്‍ താരം ഒരു വനിതായണ്.

പൊതു സമൂഹത്തിനു വേണ്ടി ഈ വിധി നേടിയെടുത്തതിനു പിന്നില്‍ ഒരു സ്ത്രീയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഒരു കഥയുണ്ട്. നിലമ്ബൂര്‍ അമരമ്ബലം പഞ്ചായത്തിലെ തോട്ടേക്കാട് നിവാസി ആനി എം ജോര്‍ജ്ജാണ് നിശ്ചയദാര്‍ഢ്യത്തിന്റെ പര്യായമായ വനിത. തന്റെ വീടിനോട് വളരെ ചേര്‍ന്ന് കൊമേഴ്ഷ്യല്‍ ആവശ്യത്തിന് പണിത ഒരു കെട്ടിടം പെട്ടെന്ന് മുസ്ലിം ആരാധനാലയമായി രൂപാന്തരം പ്രാപിക്കുന്നു. ഇത് തങ്ങളുടെ കുടുംബ ജീവിതത്തിന്റെ സ്വസ്ഥതയ്ക്ക് തടസ്സമാകുമെന്ന് മനസ്സിലാക്കി ആദ്യം പഞ്ചായത്തിലും ലോക്കല്‍ പൊലീസ് സ്റ്റേഷനിലും പരാതി നല്കി.

അവിടെയെല്ലാം നിരാശയായിരുന്നു ഫലം. പിന്നീട് ജില്ലാ കളക്ടറുടെയടുത്ത് പരാതി നല്കി അവിടെയും പരാതി പൂഴ്‌ത്തിവെയ്ക്കപ്പെട്ടു. പ്രാദേശിക കോടതികളില്‍ ആനി നിയമ പോരാട്ടം തുടങ്ങി. അവിടെനിന്നും പ്രാദേശിക വക്കിലിന്റെ ശുപാര്‍ശയില്‍ ഹൈക്കോടതിയില്‍ ഘോര ഘോരം വാദിക്കുന്ന മഞ്ചേരി കാവനൂര്‍ സ്വദേശി അവസാനം നായര്‍ എന്ന വാല് കൂട്ടിച്ചേര്‍ത്ത വക്കീലിനെ വക്കാലത്ത് ഏല്പിച്ചു. പക്ഷേ അതുകൊണ്ട് ഫലമുണ്ടായില്ല.

സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു പോസ്റ്റില്‍ ഇങ്ങനെ പറയുന്നു. വക്കാലത്തും പൈസയും വാങ്ങിയവക്കീല്‍ എംഎല്‍എ അടക്കമുള്ള പ്രമുഖരുടെ പ്രമാദമായ കേസ് വാദിക്കുന്നയാള്‍ ആരുടെയോ സമ്മര്‍ദ്ദത്തിനു വഴങ്ങി എതിര്‍ കക്ഷികളുമായിച്ചേര്‍ന്ന് കേസിനെ അട്ടിമറിച്ചു. തനിക്കു പറ്റിയ ചതി മനസ്സിലാക്കിയ ആനി വീണ്ടും മുന്നോട്ടു പരാതികളുമായി നീങ്ങി. ഹൈക്കോടതിയില്‍ പുതിയവക്കീലിനെ വെച്ചു. അങ്ങനെ നീണ്ട അഞ്ചുവര്‍ഷത്തെ നിയമ പോരാട്ടം ,

എതിര്‍ കക്ഷികളുടെ ആക്രമണങ്ങള്‍, ഭീക്ഷണികള്‍ ,ഒറ്റപ്പെടുത്തലുകള്‍ എന്നിവയെല്ലാം അതിജീവിച്ച്‌ കേരളത്തിലെ പൊതു സമൂഹത്തിനു വേണ്ടി ചരിത്രപരമായ ഒരു വിധി നേടിയെടുത്തിരിക്കുകയാണ് നിലമ്ബൂര്‍ തോട്ടേക്കാട് സ്വദേശിയായ ഈ വീട്ടമ്മയെന്നാണ് സോഷ്യല്‍ മീഡിയയില്‍ അജിതോമസ് വിശദീകരിക്കുന്നു. ഇന്നലെ ആനിയുടെ ത്യാഗത്തിന്റെയും ലക്ഷ്യബോധത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതിഫലനമാണ് ഹൈക്കോടതിയുടെ വിധിന്യായത്തിലൂടെ കേരളകര ശ്രവിച്ചതും ചര്‍ച്ച ചെയ്തതും. സമ്മര്‍ദ്ദങ്ങള്‍ക്കു മുന്നില്‍ അടിപതറാതെ തനിച്ച്‌ പൊരുതി ലക്ഷ്യം നേടിയെടുക്കുകയായിരുന്നു ആനി എം ജോര്‍ജ്ജ്.

ആരാധനാലയങ്ങള്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെടുമ്ബോള്‍ ചര്‍ച്ചയാകുന്ന മറ്റൊരു പേര് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണന്റെതായിരുന്നു. മലപ്പുറം അമരമ്ബലം പഞ്ചായത്തില്‍ വാണിജ്യാവശ്യത്തിന് നിര്‍മ്മിച്ച കെട്ടിടത്തില്‍ മോസ്‌ക് അനുവദിക്കണമെന്ന ഹര്‍ജി കോടതി തള്ളിയാണ് ഈ നിര്‍ദ്ദേശം മുമ്ബോട്ട് വച്ചത്. നൂറുല്‍ ഇസ്ലാം സാംസ്‌കാരിക സംഘം സെക്രട്ടറി ആലിക്കുട്ടി സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണന്‍ പരിഗണിച്ചത്.

പ്രദേശത്ത് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ 36 മോസ്‌കുകള്‍ ഉണ്ടന്ന് പഞ്ചായത്ത് സെക്രട്ടറി റിപോര്‍ട് നല്‍കിയിരുന്നു. കെട്ടിടം ആരാധനലായമാക്കുന്നതിരെ പ്രദേശവാസിയുടെ പരാതിയില്‍ കളക്ടര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ നൂറൂല്‍ ഇസ്ലാം സാംസ്‌കാരിക സംഘം കോടതിയെ സമീപിച്ചത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളും പ്രാര്‍ത്ഥന ഹാളുകളും എത്രയും വേഗം അടച്ചുപൂട്ടണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.

ആരാധനലായങ്ങള്‍ നിയമാനുസൃതമാണന്ന് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ഉത്തരവുകള്‍ പുറപ്പെടുവിക്കണം. വാണിജ്യവശ്യത്തിന് അനുമതി ലഭിച്ച കെട്ടിടം ആരാധനാലയമാക്കി മാറ്റുന്നത് തടഞ്ഞ് സര്‍ക്കുലര്‍ ഇറക്കണം. ഉചിതമായ അപേക്ഷകളില്‍ മാത്രമേ പുതിയ ആരാധനാലയങ്ങള്‍ക്കും പ്രാര്‍ത്ഥനാ ഹാളുകള്‍ക്കും അനുമതി നല്‍കാവൂ. അപേക്ഷ പരിഗണിക്കുമ്ബോള്‍ സമാന ആരാധനാലയങ്ങള്‍ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം.അപൂര്‍വങ്ങളില്‍ അപൂര്‍വ അപേക്ഷകളില്‍ മാത്രമേ വാണിജ്യ കെട്ടിടങ്ങളെ ആരാധനാലയങ്ങളാക്കാന്‍ അനുവദിക്കാവൂ. അനുമതി നല്‍കുന്നത് പൊലീസിന്റെയും ഇന്റലിജന്‍സ് വിഭാഗത്തിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആരാധാനാലയങ്ങള്‍ക്കുള്ള ലൈസന്‍സ് നല്‍കുന്നതിന് മാനദണ്ഡം നിര്‍ബന്ധമാക്കണം. അനുമതിയില്ലാത്തവയ്ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അമരമ്ബലം പഞ്ചായത്തിലെ വാണിജ്യ കെട്ടിടം ആരാധനാലയമാക്കാന്‍ അനുമതി തേടി മലപ്പുറത്തെ നൂറുല്‍ ഇസ്ലാമിക് സാംസ്‌കാരിക സംഘം നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ജില്ലാ കളക്ടര്‍ക്കാണ് അപേക്ഷ നല്‍കിയിരുന്നത്. അതേസമയം വാണിജ്യ കെട്ടിടം പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ ജില്ലാ കളക്ടര്‍ തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഇസ്ലാമിക സാംസ്‌കാരിക സംഘം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി പരിഗണിക്കവേയാണ് അനുമതിയില്ലാത്ത ആരാധനാലയങ്ങള്‍ പൂട്ടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ആരാധനാലയങ്ങള്‍ക്കുള്ള അപേക്ഷ പരിഗണിക്കുമ്ബോള്‍ സമാനമായ ആരാധനാലയങ്ങള്‍ തമ്മിലുള്ള ദൂരപരിധി പരിശോധിക്കേണ്ടത് നിര്‍ബന്ധമാണെന്ന് കോടതി പറഞ്ഞു.

മാത്രമല്ല ഒരു കെട്ടിടം പണിത ശേഷം അത് ആരാധനാലയമാക്കാനുള്ള അപേക്ഷ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലറിറക്കണമെന്നും കോടതി പറഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമേ ഇത്തരം കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കുവാന്‍ പാടുള്ളു. കെട്ടിടം പണിത ശേഷം അത് ആരാധനാലയമാക്കാന്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി അനുമതി നല്‍കുകയാണെങ്കില്‍ തന്നെ അത് പൊലീസ് റിപ്പോര്‍ട്ടിന്റേയും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.