Html

Thursday, June 10, 2021

മുസ്ലിംകളെ വെറുക്കുന്നവർ ഇവിടെയുണ്ട്. ക്രിസ്ത്യാനികളെ വെറുക്കുന്നവരും

മുസ്ലിംകളെ വെറുക്കുന്നവർ ഇവിടെയുണ്ട്. ക്രിസ്ത്യാനികളെ വെറുക്കുന്നവരും. ജൂദൻമാരെ വെറുക്കുന്നവരെയും ഹിന്ദുക്കളെ വെറുക്കുന്നവരെയും ഇവിടെ കാണാം.

ആരാണീ മുസ്ലിമും ഹിന്ദുവും ജൂതനും ക്രിസ്ത്യാനിയും? 

അങ്ങനെ പ്രത്യേകം ഐഡന്റിറ്റിയിൽ പെടുത്തി വെറുക്കാവുന്ന ഏതെങ്കിലും മതം ഇവിടെ ഉണ്ടോ? ഇല്ല എന്നതാണ് ഏറെ രസകരം. വ്യത്യസ്ത സ്വാഭാവമുള്ള ഉപ മതങ്ങൾ മാത്രമേ ലോകത്തുള്ളൂ.

ഹിന്ദു മതം തന്നെ എടുക്കുക. ഉള്ളിലേയ്ക്കു കടന്നാൽ ഒരിക്കലും യോജിക്കാത്ത നൂറു കഷണങ്ങൾ ആണ് അതിലുള്ളതെന്ന് നമുക്കെല്ലാവർക്കുമറിയാം. അതിലെ ഓരോ കഷണവും അതിനകത്തുള്ളവർക്ക് എളുപ്പത്തിൽ കാണാൻ കഴിയും. അതെല്ലാം കൂടി ഒരു തുണിയിൽ കൂട്ടിക്കെട്ടി പുറത്തുള്ളവർ സൗകര്യത്തിന് വേണ്ടി വിളിക്കുന്ന പേരാണ് "ഹിന്ദു മതം" എന്നത്. അല്ലാതെ അങ്ങനെയൊരു മതമില്ല. 

ഹിന്ദുക്കൾ എല്ലാവരും ഒരുപോലെ ചിന്തിക്കുന്നവരല്ല. എല്ലാ ഹിന്ദുക്കളും ഹിന്ദുക്കളുമല്ല. ഒരേ മത നിലപാടുള്ളവരല്ല. അതിൽ അമ്പലവാസികളുണ്ട്. അമ്പലം കാണാത്തവരുണ്ട്. 

ഇതിലാരെയാണ് വെറുക്കേണ്ടത്? യാദവനെ? തീയ്യനെ? ബ്രാഹ്മണനെ?



റോമൻ കാത്തലിക്സും പ്രൊട്ടസ്റ്റന്റും  ക്രിസ്ത്യാനികൾക്ക് വേറെത്തന്നെ രണ്ടു  കഷണങ്ങളാണ്. ഇങ്ങനെ നാനൂറിലധികം കഷണങ്ങൾ ലോകത്തൊട്ടാകെ അവരിലുണ്ട്. ഹിന്ദു മതത്തിൽ അത് ജാതിയുടെ രൂപത്തിലാണെങ്കിൽ, ക്രിസ്തുമതത്തിൽ അത് സഭകളുടെയും മറ്റും രൂപത്തിലാണ്. 

കേരളത്തിൽ മാത്രം അത് സിറോ-മലബാർ, മലങ്കര കത്തോലിക്കാ,റോമൻ (ലത്തീൻ) കത്തോലിക്കാ, ഓർത്തഡോക്സ്‌, യാക്കോബായ,മാർത്തോമാ, സി. എസ്. ഐ, പെന്തകോസ്ത് ,ദളിത് ക്രൈസ്തവർ  എന്നിങ്ങനെ പിരിഞ്ഞു പിരിഞ്ഞു നിൽപ്പാണ്. ത്യാഗം ജീവിതത്തിന്റെ ഭാഗമാക്കിയ  കാപ്പിപ്പൊടി അഛൻമാരെ വേറിട്ടു തന്നെ കാണാം.

ചിലർ യേശുവിനെ ദൈവ പുത്രനായിപ്പോലും കാണുന്നില്ല. എത്രയോ പള്ളികൾ പരസ്പര ശത്രുതയിൽ പൂട്ടിക്കിടപ്പാണ്. ഇതര ക്രിസ്ത്യാനികളെപ്പോലും വിവാഹം കഴിക്കാത്ത വംശശുദ്ധി വാദക്കാർ ആയ ക്നാനായ സഭ വേറെ.  

ഇതിൽ സമാനതകൾ ഉള്ളവർ  ഭിന്നിച്ചു കൊണ്ടു തന്നെ ചില വേദികളിൽ ഐക്യപ്പെടുന്നു എന്നേയുള്ളൂ. എന്നാൽ ഗാലറിയിൽ നിന്ന് കളി കാണുന്നവർക്ക് ഇവർ  ക്രിസ്ത്യാനികൾ എന്ന ഒരൊറ്റ മതക്കാരാണ്. ലോക ചലനങ്ങളിലും മിത്തുകളിലും നിലപാടുകളിലും ഇവരെല്ലാവരും ഒന്നല്ല. ഇവരിൽ ആരെയാണ് തെരെഞ്ഞു പിടിച്ചു വെറുക്കുക? 


ജൂദൻമാർ അവരുടെ ചരിത്രം മുതൽക്കു തന്നെ കഷണങ്ങളാണ്. പന്ത്രണ്ടു ഗോത്രങ്ങളായാണ് അവർ ആരംഭിച്ചത്. അതിൽ ഹൂദൻമാർ ശക്തിപ്രാപിച്ചു. ശമരിയർ, എസ്സീനുകൾ, സദൂക്യർ, പരീശർ, റാബിനികർ, താൽമുദിനുകൾ, കരായീയർ, 
സെഫാർദികൾ,  അസ്കെനാസികൾ, ഹാസിദീയതക്കാർ ഇങ്ങനെ ഏറ്റവുമധികം കഷണങ്ങളായി ചരിത്രത്തിൽ മുറിഞ്ഞ മതം ജൂതമതമായിരിക്കണം. 

വർത്തമാനകാല ലോകത്തും യാഥാസ്ഥിതികർ, നവീകരണവാദികൾ, മിതവാദികൾ, പുനർനിർമ്മാണവാദികൾ എന്നിങ്ങനെ നാലായി ഭിന്നിച്ച് ഐക്യപ്പെട്ടു നിൽക്കുകയാണ് ജൂതൻമാർ. തികച്ചും വ്യത്യസ്തമായ, പരസ്പരം കലരാത്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും വിവാഹ രീതികളും ഉൾപ്പടെ. ശരിക്കും പറഞ്ഞാൽ നിലത്തു വീണു പൊട്ടിയ സ്ഫടിക പാത്രം പോലെ. 

പുറത്തു നിന്ന് നോക്കുന്നവർക്ക് ഇവരെല്ലാം ജൂതൻമാരാണ്. പക്ഷേ അവർ ഒരിക്കലും അങ്ങനെ ആയിരുന്നില്ല. ആകാനും പറ്റില്ല. ഇസ്രായേലിലെ ഏറ്റവും അവസാനത്തെ തെരെഞ്ഞെടുപ്പു നോക്കിയാൽ അതു മനസ്സിലാകും.

നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷമില്ല. പ്രതിപക്ഷവും വിട്ടില്ല. എല്ലാം ജൂതൻമാരാണ്. എന്നിട്ടും ഇസ്രായേലിലെ  ചെറുകിട കക്ഷികളെയും അറബ് മുസ്ലിം കക്ഷികളേയും ചേര്‍ത്ത്  ദേശീയ സര്‍ക്കാര്‍ ഉണ്ടാക്കാൻ  ഉള്ള പ്രതിപക്ഷ ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് ഇപ്പോഴത്തെ  സംഘര്‍ഷം ഉണ്ടായത്. 

നോക്കൂ, വിള്ളലുകളും ഭിന്നതകളും നിറഞ്ഞു നിൽക്കുന്ന ഇസ്രായേൽ ഒരൊറ്റ മതമല്ല. അതു സയണിസം മാത്രമല്ല. ഇതൊന്നും അറിയാത്തവർക്ക് ലോകത്തുള്ള യഹൂദികളെല്ലാം ജൂതൻമാരാണ്. എല്ലാവരോടും വെറുപ്പാണ്. 

അധിനിവേശം നടത്തിയതിൽ ഇസ്രായേൽ മാത്രം അല്ല ഈജിപ്തും ജോർദ്ദാനും എല്ലാം ഉണ്ട്. അവരെ എല്ലാവരെയും ഒരുമിച്ചു വെറുക്കൂ. മതം മുന്നിൽ വെച്ചു വെറുക്കാതെ.

മുസ്ലിംകളുടെ കാര്യത്തിൽ  നൂറ്റി ഇരുപതോളം കഷണങ്ങൾ ലോകമെമ്പാടും ഉണ്ട്. തികച്ചും വേറെത്തന്നെ വഴികളായ നാലു മദ്ഹബുകൾ ഉണ്ട്. ഈ മദ്ഹബുകളെയൊന്നും അംഗീകരിക്കാത്തവരുമുണ്ട്. 

സുന്നികളും ജമാഅത്തും മുജാഹിദുകളും തബ്ലീഗുകാരും തരീഖത്തുകാരുമടങ്ങുന്ന കേരളത്തിലെ സിംഹഭാഗം മുസ്ലിംകളും ശാഫീ മദ്ഹബുകാരാണ്.  ഇവിടെ ഹനഫീ  മദഹബുകാർ വളരെ ന്യൂനപക്ഷമായി ഉണ്ട് .ഖാദിയാനികളുണ്ട്.

ഏറ്റവും പഴ്ക്കമേറിയതു ഹനഫി മദ്ഹബാണ്. ലോകത്തെ നാലു മദ്ഹബുകളിൽ വച്ചേറ്റവും പ്രചാരവും അംഗീകാരവും ലഭിച്ചതും ഈ മദ്ഹബിനാണ്. മധ്യേഷ്യ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ്, കേരളമൊഴിച്ചുള്ള ഇന്ത്യയുടെ മറ്റു ഭാഗങ്ങൾ, ചൈന എന്നിവിടങ്ങളില്ലെല്ലാം അവരാണ് കൂടുതൽ.

ഖാദിയാനികൾ അപ്പുറത്തുണ്ട്. തബ്ലീഗുകാരുണ്ട്. ഭാരത പ്രേരണകളിൽ ഉണ്ടായ ജാതീയ വിഭജനങ്ങൾ കൃത്യമായും  ഉത്തരേന്ത്യൻ മുസ്ലിംകളിൽ  കാണാം. അതിൽ അശ്റഫികളുണ്ട്. ശൈഖും സയ്യിദും മുഗളും പത്താനുമുണ്ട്.  അജ്ലഫികളുണ്ട്. ധോബി, ദുനിയ, ഗഡ്ഡി, ഫഖീര്‍, പസ്മന്ദ.. 

കേരളത്തിൽ ഇത്തരം വിഭജനങ്ങൾ പൊതു ഇടങ്ങളിൽ അത്ര വിസിബിൾ അല്ല. വിവാഹത്തിലും മറ്റു ഇടങ്ങളിലും അവ ഒതുങ്ങി നിൽക്കുന്നു. ഒസ്സാൻ, റാവുത്തർ, തങ്ങൾ പോലെയുള്ളവരുമായോ അവർക്കിടയിലോ കൃത്യമായ അലിഖിത അകലം ഇത്തരം കാര്യങ്ങളിൽ നിലനിൽക്കുന്നുണ്ട്. 

കേരളത്തിൽ മുഖ്യമായും ഇതിന്റെ രൂപം അതി ശക്തമായ സംഘടനാ വിഭജനങ്ങളുടെ രൂപത്തിലാണ്. എല്ലാവർക്കും പ്രാർത്ഥനയിലും പള്ളിയിലും ചടങ്ങുകളിലും നിലപാടുകളിലും എല്ലാം ഒരിക്കലും കൂടിക്കലരാത്ത വേറെത്തന്നെ വിഭജനങ്ങളുണ്ട്. ഒരേ ടൗണിൽ തന്നെ ഇവർക്കെല്ലാം വെവ്വേറെ പള്ളികളും മദ്രസകളും പഠന സിലബസുകളും ഉണ്ട്. ക്രിസ്ത്യാനികളെ പോലെ നിരവധി മുസ്ലിം പള്ളികളും ഗ്രൂപ്പ് വൈരത്തിൽ പൂട്ടിക്കിടക്കുന്നുണ്ട്.

പുറമെ പറയുമ്പോൾ എല്ലാവരും ഒന്നാണെന്നു തോന്നും.  കൈ വെട്ടു കേസിലും മുത്തലാഖ് വിഷയത്തിലും മുസ്ലിംകൾക്ക് ഓണ സദ്യ ഉണ്ണാമോ, സംഗീതം ഹറാമാണോ പോലെയുളള മതപരവും രാഷ്ട്രീയപരവുമായ ദേശീയ അന്തർദേശീയ പ്രാദേശിക മത ആചാര അനുഷ്ഠാന  വിഷയങ്ങളിൽ ഇവർക്കെല്ലാം വേറെത്തന്നെ നിലപാടുകൾ ആണുള്ളത്.

ഇവിടെ ഏതു മുസ്ലിമിനെയാണ് നിങ്ങൾ വെറുക്കുക?

ഇത്തരം മുസ്ലിം വിഭജനങ്ങൾ ഭാരതത്തിൽ മാത്രമല്ല,  ജാതി-സഭ വിഭജങ്ങളെ പോലെ തന്നെ പെരുമാറുന്ന, കൊലവിളികളും പരസ്പരയുദ്ധവും നടത്തുന്ന  മുസ്ലിം സംഘടനാ- മദ്ഹബ് - ഗ്രൂപ്പ് വിഭജനങ്ങൾ ഈജിപ്തിലും സിറിയയിലും, ഫലസ്തീനിലും ബംഗ്ലാദേശിലും എല്ലാം കാണാം. 

ഈജിപ്തിൽ എല്ലാവരും ഇഖ്വാനുൽ മുസ്ലിമൂനല്ല. അവിടെയുള്ള വലിയ ഒരു വിഭാഗമാണ് പല കഷണങ്ങൾ ആയി നിൽക്കുന്ന സൂഫികൾ. സുന്നി, ഷിയ, മുതസില എന്നിങ്ങനെ ഓരോ വിഭാഗവും പത്തും അതിലധികവും സബ് ഗ്രൂപ്പുകളായി വേറിട്ടു തന്നെ നിൽക്കുന്ന ഗ്രൂപ്പുകളാണ്.  

ഷിയ-സുന്നി വിഭാഗങ്ങളെ കുറിച്ചുള്ള വിസിബിലിറ്റി ലോകത്തുള്ള എല്ലാവർക്കും ഇപ്പോൾ അറിയാം. ഇന്ത്യയിലതു കുറവാണ്. ഗൾഫിലും പേർഷ്യയിലും സിറിയ, ഇറാഖ്, അഫ്ഗാൻ രാജ്യങ്ങളിലും അതു കൂടുതലാണ്.  

ബംഗ്ലാദേശിലെ പ്രമുഖ വിഭാഗങ്ങളാണ് ഷിയ, ഖുറാനിസ്റ്റ്, അഹ്മദിയ, മഹ്ദാവിയ പോലുള്ളവ. അവിടെയുമുണ്ട് ഇവയ്ക്കെല്ലാം നൂറിലധികം അവാന്തര വിഭാഗങ്ങൾ.

പുറത്തു നിന്നു നോക്കുന്നവർക്കും അന്യമതസ്ഥർക്കും ലോക ജനതയ്ക്കും ഇതെല്ലാം മുസ്ലിംകളാണ്. അവർ താടി വെക്കുന്നു, തൊപ്പിയിടുന്നു, ഒരേ പ്രവാചകനിലും ഖുർആനിലും വിശ്വസിക്കുന്നു. ഇവരെയെല്ലാവരെയും എങ്ങനെയാണ് ഒരു പട്ടികയിൽ പെടുത്തി നിങ്ങൾക്കു വെറുക്കാൻ കഴിയുക?

അപ്പോൾ ആരാണ് മതം? എന്താണ് മതം? ആരെയാണ് നിങ്ങൾ വെറുക്കുന്നത്? അവിടെയാണ് മതം എന്താണെന്നും വിശ്വാസം എന്താണെന്നും വേർതിരിച്ചു  മനസ്സിലാക്കേണ്ടതിന്റെ ആവശ്യം വരുന്നത്.

മതക്കാർ അല്ലെങ്കിൽ മതത്തിന്റെ കാവലാളുകൾ എന്ന് അവകാശപ്പെടുന്നവർ അതത് ധാരയിലെ വിശ്വാസികളെ പ്രതിനിധാനം ചെയ്യുന്നവരല്ല. 

അവർക്ക് മതം എന്നത് കേവലം അടയാളങ്ങളാണ്. കാവി, പച്ച, ഗോൾഡ്, റെഡ്,മഞ്ഞ പോലെ പ്രത്യേക മത നിറവും, ,തൊപ്പി,താടി, കാഷായ വസ്ത്രം പോലെയുള്ള പ്രത്യേക കോലങ്ങളും അറബി, സംസ്കൃതം, ഹീബ്രു, അറമായിക് പോലെയുള്ള  പ്രത്യേക ഭാഷാ പ്രണയവും പ്രത്യേക രൂപത്തിലുള്ള ആരാധനാ കർമ്മങ്ങളും വ്യത്യസ്തമായ നിർമ്മിതിയിലുള്ള ആരാധനാലയവും ഉള്ള സംവിധാനമാണ് മതമെന്നു കരുതുന്നവരാണവർ.

ആ സംഘം മതക്കാർ എല്ലാ ദേശങ്ങളിലും ഒരുപോലെയല്ല. എല്ലായിടത്തും ഒരു പോലെയുള്ള മതമുണ്ടെന്ന് അവർ വെറുതെ പ്രചരിപ്പിക്കുകയാണ്. അതിന്റെ നിലപാടും അവ പിന്തുടരുന്ന പാരമ്പര്യങ്ങളും അവരുടെ നേതൃത്വവും എല്ലാം പ്രാദേശികമാണ്. അതിനൊരു ഗ്ലോബൽ മാനമില്ല. അതിനു മാനവികത എന്തെന്നറിയില്ല. ലോക മനുഷ്യരെ അത് പ്രതിനിധാനം ചെയ്യുന്നില്ല. അവരവരുടെ ഗ്രൂപ്പു സമവാക്യങ്ങളെയല്ലാതെ.

അവർ ശക്തി പ്രകടനത്തിലും ചിഹ്നങ്ങളുടെ നിലനിൽപ്പുകളിലും സമയം ചെലവഴിക്കുന്നു. അതിനായി വികാരപ്പെടുന്നു. അവർക്കു മാത്രമായി സങ്കടപ്പെടുന്നു. പ്രതിഷേധിക്കുന്നു.

എന്നാൽ ഇതിലെല്ലാമുള്ള, ഇതിലൊന്നും പെടാത്ത ഒന്നാണ് ശരാശരി വിവേചന ശേഷിയുള്ള സാധാരണ  മനുഷരുടെ  സമൂഹം. 

അവർ കുഴപ്പക്കാരല്ല. അവർക്കാരോടും വെറുപ്പില്ല. അവരിൽ നിങ്ങൾ വർഗീയത കാണില്ല. അവരുടെ കൈകളിൽ ഉച്ചഭാഷിണികളില്ല. ജിഹ്വകളില്ല. ചാനലും പത്രവും സംഘടനാ സംവിധാനങ്ങളും അവരുടെ കൈകളിലുണ്ടാവണമെന്നില്ല. അവരെ നിങ്ങൾക്ക് വെറുക്കേണ്ടിയും വരുന്നില്ല. അവരിൽ മുസ്ലിംകളുണ്ട്, ഹിന്ദുക്കളുണ്ട്, ക്രിസ്ത്യാനികളും ജൂതൻമാരുമുണ്ട്. 

നമ്മുടെ ഉമ്മ അമ്മമാർ അങ്ങനെയുള്ളവരായിരുന്നു. അവർക്ക് ശക്തമായ വിശ്വാസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവരിൽ വെറുപ്പും വർഗീയതയുമില്ലായിരുന്നു. അവർക്കു മതമെന്നാൽ അടയാളങ്ങളല്ലായിരുന്നു. വെറും ആരാധനാ സമ്പ്രാ ദയങ്ങളായിരുന്നു.

നിങ്ങളുടെ ഉപബോധ മനസ്സിലെ മൃദു വൈകാരികതകളെ ഹിന്ദു വെറുപ്പെന്നും ജൂത വെറുപ്പെന്നും മുസ്ലിം- ക്രിസ്ത്യൻ വെറുപ്പെന്നും ജനറലൈസ് ചെയ്യാനുള്ള ശ്രമങ്ങളെ, ഇരവാദങ്ങളെ തിരിച്ചറിയുക. 

മതത്തിന്റെ കാവലാളുകളായി നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നവർ നിങ്ങളെ ചരിത്രം പഠിപ്പിക്കുന്നതും ഉണർത്താൻ ശ്രമിക്കുന്നതും നിങ്ങൾ ഇരയാണ് എന്ന് ബോധ്യപ്പെടുത്തുന്നതും പരസ്പരം അകറ്റാനും ഭിന്നിപ്പിക്കാനും വേണ്ടി മാത്രമാണ്. 

LOVE EACH OTHER
BE HELPFUL TO EACH OTHER AS HUMAN BEINGS.

and be global and be the part of universe.

No comments: