Html

Sunday, October 29, 2023

ആരാണ് യഹോവയുടെ സാക്ഷികൾ ?

*ആരാണ് യഹോവയുടെ സാക്ഷികൾ ?* 

****************

മുഖ്യധാരാക്രൈസ്തവരിൽ നിന്നു വ്യത്യസ്തമായി പുനരുദ്ധാരണവിശ്വാസികളും, സഹസ്രാബ്ദവാഴ്ച്ചക്കാരും, അത്രിത്വവിശ്വാസങ്ങൾ പിന്തുടരുന്നവരുമായ ഒരു അന്താരാഷ്ട്ര ക്രിസ്തീയ മതവിഭാഗമാണ് യഹോവയുടെ സാക്ഷികൾ (ഇംഗ്ലീഷ്:Jehovah's Witnesses). ഈ മതം എണ്പത്തിയഞ്ച് ലക്ഷത്തിലധികം വിശ്വാസികൾ സുവാർത്ത പ്രചാരക വേലയിൽ ഏർപ്പെടുന്നതായും, ഒരു കോടി അമ്പതു ലക്ഷത്തിൽപരം സമ്മേളനഹാജർ ഉള്ളതായും രണ്ട് കോടിയിൽ അധികം വാർഷിക സ്മാരക ഹാജർ ഉള്ളതായും രേഖപ്പെടുത്തുന്നു. ലോകവ്യാപകമായി ഏതാണ്ട് 240 ദേശങ്ങളിൽ ഇവരുടെ പ്രവർത്തനം നടത്തപ്പെടുന്നു. വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകൾ ഇവരുടെ പ്രസിദ്ധീകരണങ്ങളാണ്. ലോകത്തിൽ ഏറ്റവും അധികം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള വെബ്സൈറ്റ് ഇവരുടേതാണ്. ഇവരുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ JW.ORG 988 ഭാഷകളിൽ ലഭ്യമാണ്. ഈ ലോക വ്യവസ്ഥിതിയെ അർമ്മഗദോനിലൂടെ ദൈവം ഉടനെ നശിപ്പിക്കുമെന്നും തുടർന്ന് മനുഷ്യവർഗ്ഗത്തിന്റെ സമസ്ത പ്രശ്നങ്ങൾക്കുമുള്ള ഒരു ശാശ്വതപരിഹാരമായി ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കപ്പെടുമെന്നുമുള്ളതാണ് ഇവരുടെ കേന്ദ്രവിശ്വാസം.

യഹോവയുടെ സാക്ഷികളുടെ ആധുനിക കാല ആരംഭം.
****************

ചാൾസ് റ്റെയ്സ് റസ്സൽ എന്ന അമേരിക്കൻ ബൈബിൾ ഗവേഷകൻ 1876-ൽ സ്ഥാപിച്ച 'ബൈബിൾ വിദ്യാർത്ഥികൾ' എന്ന നിഷ്പക്ഷ ബൈബിൾ പഠന സംഘടനയാണ് പഠിപ്പിക്കലുകളിലും സംഘാടനത്തിലും പല നവീകരണങ്ങൾക്കു ശേഷം 1931-ൽ ബൈബിളിലെ യെശയ്യാവ് 43:10-12 ആധാരമാക്കി യഹോവയുടെ സാക്ഷികൾ എന്ന നാമം സ്വീകരിച്ചത്. വാച്ച്ടവർ ബൈബിൾ ആന്റ് ട്രാകറ്റ് സൊസൈറ്റി എന്ന നിയമപരമായ കോർപ്പറേഷനിലൂടെയാണ് ഇവരുടെ പ്രവർത്തനം ലോകവ്യാപകമായി ഏകോപിപ്പിച്ച് നടത്തപ്പെടുന്നത്. യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസം ബൈബിളിൽ മാത്രം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതാണെന്ന് പറയുന്നു. പക്വതയുള്ള ഒരു കൂട്ടം പുരുഷന്മാരാലുള്ള ഭരണസംഘമാണ് ഇവരുടെ ദൈവശാസ്ത്രത്തിനും, പ്രവർത്തനങ്ങൾക്കും മേൽനോട്ടം നടത്തുന്നത്. 

കേരളത്തിൽ 
*************

ഈ മതത്തിലെ പ്രവർത്തകർ 1905-ലാണ് കേരളത്തിൽ പ്രചാരത്തിനായെത്തിയത്, എന്നാൽ 1950-കളിലാണ് ഇവർ സജീവമായിത്തുടങ്ങിയത്. യഹോവയുടെ സാക്ഷികൾ എന്നതാണ് ഔദ്യോഗിക നാമമെങ്കിലും കേരളത്തിൽ ഇവരെ "യഹോവാസാക്ഷികൾ" എന്ന് പൊതുവെ ജനങ്ങൾ വിളിക്കുന്നു. 

തിരുവനന്തപുരം ജില്ലയിൽ ഇവരുടെ  പ്രാരംഭകാല പ്രചാരകൻ ആയ സി.റ്റി. റസ്സൽ 1911ൽ  പ്രസംഗിച്ച സ്ഥലം ഇപ്പോൾ 'റസ്സൽപുരം' എന്നറിയപ്പെടുന്നു. അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് റസ്സലിനെ കൊട്ടാരത്തിലേക്കു ഹാർദമായി സ്വാഗതം ചെയ്തു. കൂടാതെ തിരുവനന്തപുരം വിക്ടോറിയ ജൂബിലി (VJT) ഹാളിൽ റസ്സലിനു പ്രസംഗം നടത്താൻ സൗകര്യം ഒരുക്കികൊടുക്കുകയും ചെയ്തു. മഹാരാജാവ് റസ്സലിന്റെ കൈയിൽ നിന്നും ബൈബിളും, 'തിരുവെഴുത്തുകളുടെ പഠനം'  (Studies of the Scriptures) എന്ന റസ്സൽ എഴുതിയ പുസ്തക വാല്യങ്ങളും സ്വീകരിക്കുകയുണ്ടായി. റസ്സലിന്റെ ചിത്രം രാജാവ് ആവശ്യപ്പെടുകയും പിന്നീട് അത്  കൊട്ടാരത്തിൽ സൂക്ഷിക്കപെടുകയുമുണ്ടായി. തിരുവനന്തപുരം സർവകലാശാല സെനറ്റ് ഹാളിൽ ആ ചിത്രം ഇന്നും കാണാം.

മല്ലപ്പള്ളി, മീനടം, പാമ്പാടി, വാകത്താനം, കങ്ങഴ, അയർക്കുന്നം, പുതുപ്പള്ളി എന്നിവടങ്ങളിൽ ആദ്യകാലത്ത് പ്രവർത്തനം നടന്നിരുന്നു. ഇപ്പോൾ കേരളമൊട്ടാകെ സജീവമാണ്. കേരളത്തിൽ പതിനയ്യായിരത്തിൽ അധികം വിശ്വാസികൾ ഉള്ളതായി കണക്കാക്കുന്നു. ഇന്ത്യയിൽ ഒരു ലക്ഷത്തിൽ അധികം പേര് ഇവരുടെ യോഗങ്ങൾക്കു ഹാജരാകാറുണ്ട്.കേരളത്തിന്റെ പല ഭാഗങ്ങളിലും വർഷത്തിൽ മൂന്നു തവണ ഇവർ കൺവൻഷൻ നടത്താറുണ്ട്. 

വിശ്വാസങ്ങൾ 
***************

യഹോവയുടെ സാക്ഷികൾ പിതാവായ ദൈവത്തിന്റെ യഹോവ എന്ന നാമത്തിന്—അല്ലെങ്കിൽ മറ്റുഭാഷകളിൽ തത്തുല്യമായ ഉച്ചാരണത്തിന്—പ്രാധാന്യം കൊടുക്കുകയും അവനെ മാത്രം സർവ്വശക്തനായ് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. യേശുവിനെ ദൈവപുത്രനായും, രക്ഷകനായും, ഒരേയൊരു മദ്ധ്യസ്ഥനായും, ദൈവരാജ്യത്തിന്റെ നിയുക്ത രാജാവായും പഠിപ്പിക്കുന്നു. 

ഇപ്പോൾ നാം ജീവിക്കുന്നത് ഒരു അന്ത്യകാലത്താണെന്നും പെട്ടന്ന് തന്നെ യഹോവ ആയ ദൈവം ദുഷ്ടന്മാരെ എല്ലാം നശിപ്പിച്ചതിന് ശേഷം നീതിമാന്മാരായ മനുഷ്യർക്ക്‌ രോഗമോ, വാർധക്യമോ, മരണമോ ഇല്ലാത്ത ഒരു പറുദീസ ഭൂമിയിലെ  ജീവിതം നൽകും എന്ന് ഇവർ വിശ്വസിക്കുന്നു. അവിടെ മരിച്ചുപോയ നല്ലവർ ആയ ആളുകളെ ദൈവം പുനരുത്ഥാനപ്പെടുത്തുമെന്നും അവരെ വീണ്ടും കാണാനാകും എന്നും ഇവർ  പ്രത്യാശിക്കുന്നു. 

വീടുതോറുമുള്ള സാക്ഷീകരണത്തിനും, സൈനിക സേവനത്തിൽ ഏർപ്പെടാത്തതിനും, രക്തം സ്വീകരിക്കാത്തതിനും (രക്തരഹിത ചികിത്സാ സ്വീകരിക്കും) യഹോവയുടെ സാക്ഷികൾ അറിയപ്പെടുന്നു. വിശ്വാസികൾ ത്രിത്വവും, തീ നരകവും, ആത്മാവിന്റെ അമർത്യതയും ബൈബിളധിഷ്ഠിതമല്ല എന്ന് പഠിപ്പിച്ച് തിരസ്കരിക്കുന്നു. ക്രിസ്തുമസ്, ഈസ്റ്റർ, ജന്മദിനം എന്നിവയ്ക്ക് പുറജാതീയ ഉദ്ഭവം ഉള്ളതിനാൽ അവയ്ക്ക് ക്രിസ്തുമതത്തിൽ സ്ഥാനമില്ല എന്നു പഠിപ്പിച്ച് ആഘോഷിക്കുന്നില്ല.

അംഗങ്ങൾ തങ്ങളുടെ വിശ്വാസങ്ങളെ "സത്യം" എന്ന് വിശേഷിപ്പിക്കുകയും, തങ്ങൾ "സത്യത്തിലാണ്" എന്ന് കരുതുകയും ചെയ്യുന്നു. സ്നാനപ്പെട്ടതിനു ശേഷം ഇവരുടെ സംഘടനയുടെ അടിസ്ഥാനപരമായ തത്ത്വങ്ങൾക്കും, ധാർമ്മിക നിലവാരത്തിനും വിരുദ്ധമായി പോകുന്നവരെ അച്ചടക്ക നടപടികൾക്ക് വിധേയരാക്കുന്നു. കൂടെക്കൂടെ ബുദ്ധിയുപദേശിച്ചിട്ടും ചെയ്ത തെറ്റിനെക്കുറിച്ച് അനുതാപം പ്രകടമാക്കാത്തവരെ സഭയിൽ നിന്ന് നീക്കം ചെയ്തതായി അറിയിക്കപ്പെടുന്നു. നീക്കം ചെയ്തവരുമായി സഹവസിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഇവർ പിന്നീട് അനുതപിക്കുന്നതായി ബോധ്യപ്പെട്ടാൽ തിരിച്ചെടുക്കുന്നു.

രാഷ്ട്രീയമായി നിഷ്പക്ഷരായിരിക്കാനും, ദേശീയപതാകയെ വന്ദിക്കാതിരിക്കാനും, ദേശീയഗാനം പാടാതിരിക്കാനും, സൈനിക സേവനം നടത്താതിരിക്കാനുള്ള വിശ്വാസികളുടെ മനസാക്ഷിപരമായ തീരുമാനം നിമിത്തം പല രാജ്യങ്ങളിലും ഇവരുടെ പ്രവർത്തനം, പ്രത്യേകമായും നിർബന്ധിത സൈനിക സേവനം നിഷ്കർഷിക്കുന്ന രാജ്യങ്ങളിൽ അധികാരികളുമായി നിയമയുദ്ധത്തിനു കാരണമായിട്ടുണ്ട്. തൻനിമിത്തം, പല രാജ്യങ്ങളിൽ ഇവർ നിരന്തര പീഡനങ്ങൾക്ക് വിധേയരാക്കപ്പെടുകയും ഇവരുടെ പ്രവർത്തനം നിരോധിക്കുകയും ചെയ്യപെട്ടിരിക്കുന്നു. ഇവരുടെ ദീർഘകാല നിയമയുദ്ധം, പല രാജ്യങ്ങളുടെയും നിയമനിർമ്മാണത്തിൽ പ്രത്യേകിച്ച് പൗരാവകാശ മേഖലയിൽ പറയത്തക്ക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്,അമേരിക്കൻ ഐക്യനാടുകളിലെ പരമോന്നത കോടതിയിൽ തന്നെ അമ്പതോളം നിയമവിജയങ്ങൾ ഇവർ നേടിയിട്ടുണ്ട്...

No comments: