Html

Saturday, July 14, 2018

കുര്‍ബാന അപ്പവും വീഞ്ഞും നാവില്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ഡോക്ടറന്‍മാര്‍;

കുര്‍ബാന അപ്പവും വീഞ്ഞും നാവില്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ഡോക്ടറന്‍മാര്‍; ആരോഗ്യവകുപ്പിന് കത്ത് നല്‍കി;പകര്‍ച്ച വ്യാധികള്‍ പടരുന്നത് തടയാന്‍ അത്യാവശ്യമെന്നും കത്തില്‍ പരാമര്‍ശം

ക്രൈസ്തവ ദേവാലയങ്ങളില്‍  കുര്‍ബാനയുടെ ഭാഗമായി നല്‍കുന്ന അപ്പവും വീഞ്ഞും വിശ്വാസികളുടെ നാവില്‍ നല്‍കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ഡോക്ടര്‍മാര്‍ സര്‍ക്കാരിന് കത്തു നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മുന്‍ പ്ളാസ്റ്റിക് സര്‍ജനായ ഡോ. പി എ തോമസാണ് മെയ് മാസത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്.

‘കുർബാനയിൽ ചെറിയ അപ്പം പട്ടക്കാരൻ കൈ കൊണ്ട് സ്വീകർത്താവിന്‍റെ വായിൽ വെച്ചു കൊടുക്കുമ്പോൾ പട്ടക്കാരന്‍റെ കൈവിരലുകളിൽ സ്വീകർത്താവിന്‍റെ ഉമിനീർ പുരളാറുണ്ട്. വീഞ്ഞ് ഒരേ സ്പൂണിൽ എല്ലാവരുടേയും വായിൽ പകരുമ്പോൾ പല സ്വീകർത്താക്കളുടേയും നാക്കിലും പല്ലിലും സ്പർശിക്കുകയും സ്പൂണിൽ ഉമിനീര് പുരളുകയും ചെയ്യുന്നു. ഇത് വളരെ അനാരോഗ്യ കരമാണ്.

ഈ അപകടകരമായ രീതി ഇന്നും പല ക്രിസ്ത്യൻ പള്ളികളിലും ഞായറാഴ്ച ദിവസങ്ങളിൽ തുടരുന്നുണ്ട്. – കേരളത്തിലെ പല പരിഷ്കൃത സഭകളും ചെയ്യുന്നതു പോലെ അപ്പം സ്വീകർത്താവിന്‍റെ കൈകളിലും വീഞ്ഞ് ചെറു കപ്പുകളിലും നൽകിയാൽ ഒരാളിന്‍റെ ഉമിനീർ മറ്റൊരാളിലേക്ക് പകരാതിരിക്കും. ഈ രീതി അടിയന്തരമായി കേരളത്തിലെ എല്ലാ പള്ളികളിലും നടപ്പാക്കി നിരപരാധികളായ ജനങ്ങളെ ഇത്തരം മാരക രോഗങ്ങളിൽ നിന്നും സംരക്ഷിക്കണമെന്നാണ്  ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഡോ. പി. എ തോമസ് നല്‍കിയ കത്തില്‍ പറയുന്നത്.

ഡോ. തോമസിന്‍റെ കത്ത് കിട്ടിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി സ്ഥിരീകരിച്ചു.

കോഴിക്കോടും പരിസരങ്ങളിലും നിപ വൈറസ് പൊട്ടി പുറപ്പെട്ട സാഹചര്യത്തിൽ വിശ്വാസികൾ നാവിൽ സ്വീകരിച്ചിരുന്ന അപ്പം കൈകളിൽ വാങ്ങണമെന്ന് സീറോ മലബാർ സഭയുടെ താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനി ജൂണ്‍ ഒന്നിന് ഇടയലേഖനം ഇറക്കിയിരുന്നു –

” യേശുവിന്‍റെ കുരിശ് മരണത്തിന്‍റെ തലേന്ന് ശിഷ്യന്മാരുമൊത്ത് അന്ത്യ അത്താഴം കഴിച്ചതിന്‍റെ ഓർമ്മയ്ക്കായിട്ടാണ് കുർബാന ആചരിക്കുന്നത്-എന്നാൽ അപ്പവും വീഞ്ഞും വിശ്വാസികൾക്ക് എങ്ങനെ കൊടുക്കണമെന്ന് ബൈബിളിലൊന്നും പറഞ്ഞിട്ടുമില്ല.-

ഇതിനൊന്നും പ്രത്യേകിച്ച് ദൈവശാസ്ത്രപരമായ അടിത്തറയുമില്ല എന്നാണ് ചില വിശ്വാസികള്‍ പറയുന്നത്.

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ സഭയുടെ മെത്രാപ്പോലീത്ത ആയിരുന്ന കാലത്ത് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് . കെ.ടി. തോമസ്, ഡോ പി.എ തോമസ് എന്നിങ്ങനെ കുറെ വിശ്വാസികൾ തങ്ങൾക്ക് അപ്പം കൈയ്യിൽ തന്നാൽ മതിയെന്ന് കാണിച്ച് സഭയ്ക്ക് കത്ത് നൽകിയിരുന്നു. – 2005 ജനുവരി 11/12 തീയതികളിൽ കൂടിയ മാർത്തോമ്മ സഭയുടെ സിനഡ് ഇവരുടെ ആവശ്യം അംഗീകരിച്ചിട്ടുണ്ട്. – “‘The re is no restriction laid down for the Bread being placed in the hands of the Communicants. But the general practice and Custom is to give it in the mouth.” ഇങ്ങനെ ഒരു കത്ത് ഡോ. പി. എ. തോമസിനും ജസ്റ്റിസ് (റിട്ട) കെ.ടി. തോമസിനും ക്രിസോസ്റ്റം മെത്രാപ്പോലീത്ത നൽകിയിട്ടുണ്ട്.

കുർബാന വിതരണം ചെയ്യുന്നതിന് നിയതമായ അനുഷ്ഠാന ക്രമങ്ങളൊന്നുമില്ല. ഉണ്ടെങ്കിൽ ഇത്തരം വിട്ടുവീഴ്ചകൾ മെത്രാൻ മാർ അനുവദിക്കില്ലെന്നാണ്  വിശ്വാസികള്‍ പറയുന്നത്.

ഇതിനും പുറമേ ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷ്യണേഴ്സ് അസ്സോസിയേഷന്‍2017 ജനുവരിയിൽ കേരള കത്തോലിക്ക മെത്രാൻ സമിതി, ഓർത്തഡോക്സ് സഭ, യാക്കോബായ സഭ, മാർത്തോമ്മ സഭ, സി എസ് ഐ എന്നീ പ്രധാന പ്പെട്ട സഭകൾ ക്ക് നിലവിൽ കുർബാന നൽകുന്ന നടപടി ക്രമങ്ങൾ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. – ഉമിനീരിലൂടെയും സ്പർശനത്തിലൂടെ മാരക രോഗങ്ങൾ പകരുന്നത് തടയാനുള്ള മാർഗമെന്ന നിലയിലാണ് ഡോക്ടറന്മാരുടെ സംഘടന മെത്രാന്മാരോടും സഭാ നേതൃത്വങ്ങളോടും ഇക്കാര്യം ആവശ്യപ്പെട്ടത്. പക്ഷേ, സഭാ നേതൃത്വങ്ങൾ ഇക്കാര്യത്തോട് ഇനിയും പ്രതികരിച്ചിട്ടില്ലെന്ന് QPMPA പ്രസിഡന്റ് ഡോ. ബേബി  ന്യൂസ് സ്കൂപ്പ് ഡോട്കോമിനോട് പറഞ്ഞു.

  നിപ വൈറസ് മലേഷ്യയിൽ പടർന്നു പിടിച്ചപ്പോൾ അവിടുത്തെ സർക്കാർ നിയമം മൂലം കുർബാന നിരോധിച്ചിരുന്നുവെന്ന് ഡോ. തോമസിന്റെ കത്തിൽ പറയുന്നുണ്ട്.

മനുഷ്യജീവന് ഹാനികരമാകുന്ന ഇമ്മാതിരി ആചാരങ്ങൾ പരിഷ്കരിക്കാൻ സഭകൾ തയ്യാറാകണമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ആവശ്യം. ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഡോക്ടര്‍മാരുടെ സംഘടന പറയുന്നു.

Content Highlights: Dr PA Thomas and team demands change in holy communion, hand overs letter to Kerala health department Chief Secretary.

No comments: