തിരുവനന്തപുരത്തെ ഒരു പള്ളി 'പൊളിച്ച' (കൈമാറ്റം ചെയ്ത) കഥ : 👇
'കാലി തൊഴുത്തിൽ' പിറന്ന ഇൻഡ്യയുടെ ബഹിരാകാശ കുതിപ്പ്
അയോധ്യയിലെ പള്ളി പൊളിച്ചതിന്റെ പേരിൽ സംജാതമായ കോലാഹലങ്ങളുടെയും, തുടർന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതിവിധിയുടെയും പശ്ചാത്തലത്തിൽ, ഒരിക്കൽ മുൻ രാഷ്ട്രപതി ശ്രീ. എ. പി. ജെ. അബ്ദുൽ കലാമിന്റെ പ്രസംഗം, ബാംഗ്ലൂരിൽ വച്ച് നേരിട്ട് കേൾക്കാൻ ഭാഗ്യം ലഭിച്ചപ്പോൾ, അദ്ദേഹം വിവരിച്ചൊരു സംഭവ കഥ ഓർത്തു പോകുന്നു. (ഈ സംഭവം, അദ്ദേഹത്തിന്റെ-Ignited Minds: Unleashing The Power Within India, എന്നാ പുസ്തകത്തിൽ അതിമനോഹരമായി വിവരിക്കുന്നുണ്ട്).
1963 - ഫെബ്രുവരി മാസത്തിലെ ഒരു പ്രഭാതത്തിൽ, തുമ്പയെന്ന കടലോര ഗ്രാമത്തിലെ, നാലു നൂറ്റാണ്ടിലേറെ ചരിത്രമുള്ള സെന്റ്.മേരി മഗ്ദലേന കത്തോലിക്ക പള്ളിയോട് ചേർന്ന ബിഷപ്പ് ഹൗസിൽ, ഒരു ജൈനമത വിശ്വസിയും, ഒരു ഹിന്ദുവും, ഒരു മുസൽമാനും , അന്നത്തെ ബിഷപ്പായിരുന്ന റവ. പീറ്റർ ബർണാഡ് പെരേരയെ കാണുവാനെത്തി. വന്നവരുടെ ആഗമന ഉദ്ദേശം ഇതായിരുന്നു, ഭൂമിയുടെ കാന്തികമധ്യരേഖ (മാഗ്നെറ്റിക് ഇക്വേറ്റർ) കടന്നു പോകുന്ന സ്ഥലത്താണ് പള്ളിയും, ബിഷപ്പ് ഹൗസും സ്ഥിതി ചെയ്തിരുന്നത്, ആയതിനാൽ അവ അവിടെ നിന്ന് മാറ്റി സ്ഥാപിച്ചു, ഇൻഡ്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണത്തിന് സഹായിക്കണം, എന്ന കാര്യം അഭ്യർത്ഥിക്കുന്നതിനായിരുന്നു.
പിൽക്കാലത്ത് ഇൻഡ്യയുടെ ബഹിരാകാശ പദ്ധതികളുടെ ബുദ്ധികേന്ദ്രങ്ങളായി മാറിയ ആ സന്ദർശകർ, ജൈനമതക്കാരനായിരുന്ന ഡോക്ടർ ശ്രീ.വിക്രം സാരാഭായി, ഹിന്ദുവായ പ്രൊഫസർ. ശ്രീ.സതീഷ് ധവാൻ, മുസ്ലിമായ ഡോക്ടർ ശ്രീ. അബ്‌ദുൾ കലാം എന്നിവരായിരുന്നു. അന്ന്, ഇന്ത്യൻ ബഹിരാകാശവകുപ്പോ, ബഹിരാകാശ ഗവേഷണസ്ഥാപനമായ ഐ.എസ്.ആർ.ഒ. യോ നിലവിൽ വന്നിട്ടില്ലാ. റോക്കറ്റ് വിക്ഷേപിച്ച് പരിചയമുള്ള വിദഗ്ധരും രാജ്യത്തുണ്ടായിരുന്നില്ലാ. ഇന്ത്യൻ ന്യൂക്ലിയർ പദ്ധതികളുടെ പിതാവ്' എന്നറിയപ്പെട്ടിരുന്ന, പാഴ്‌സിയായ ഡോക്ടർ. ഹോമി. ജെ. ബാബയുടെ നേതൃത്വവും, അമേരിക്കയിലെ നാസയിൽ അയച്ച് ധൃതിയിൽ പരിശീലനം നേടിയ ഏതാനും യുവ എൻജിനിയർമാരുടെ സാന്നിധ്യവും, 'അചഞ്ചലമായ ആത്മവിശ്വാസവും മാത്രമേ ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിനായി അവർക്ക് കൂട്ടായി ഉണ്ടായിരുന്നൊള്ളൂ.
പെട്ടെന്നൊരു മറുപടി പറയാതെ ബിഷപ്പ്, അവരോട് അടുത്ത ഞായറാഴ്ച കുർബാനയ്ക്ക് ശേഷം, പള്ളിയിൽ വെച്ച് കാണാമെന്ന് അറിയിച്ചു. അന്നത്തെ ആ ഞായറാഴ്ച കുർബ്ബാനയ്ക്കിടയിൽ, ബിഷപ്പ് ആ മൂന്ന് ശാസ്ത്രജ്ഞമാർ തന്നെ അറിയിച്ച കാര്യങ്ങൾ, ഇടവകാംഗങ്ങളോട് വിവരിക്കുകയും, പള്ളിയും, ബിഷപ്പ് ഹൗസും, ചുറ്റുമുള്ള കെട്ടിടങ്ങളും കൈമാറ്റം ചെയ്യുവാൻ, ആ തീരദേശ ഇടവക ജനങ്ങളോട് അനുവാദം ചോദിക്കുകയും ചെയ്തു. തുടർന്ന് അവിടുത്തെ ഗ്രാമവാസികളായ മത്സ്യത്തൊഴിലാളികളും, പള്ളിക്കാരും, ബിഷപ്പും, ഒറ്റക്കെട്ടായി ആ ശാസ്ത്രജ്ഞമാരുടെ വാക്കുകൾക്ക് പിന്തുണ നൽകുകയും, നിയമപരമായി പള്ളിയും, സ്ഥലവും അവർക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു.
പിന്നീട്, കാര്യങ്ങൾ വളരെ വേഗത്തിലായി. മേരി മഗ്ദലേന പള്ളിയും അടുത്തുള്ള ബിഷപ്പ് ഹൗസും 'തുമ്പ ഇക്വറ്റേറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ' (TERLS) ആയി മാറ്റപ്പെട്ടു. ആദ്യ റോക്കറ്റ്' കൂട്ടിയോജിപ്പിച്ചത് പള്ളിയിലെ അൾത്താരയ്ക്ക് മുമ്പിൽ വെച്ചാണ്. സമീപത്തെ ബിഷപ്പ് ഹൗസ്, വിക്ഷേപണകേന്ദ്രം ഡയറക്ടറുടെ ഓഫീസായി. പള്ളിക്കു മുന്നിലെ തെങ്ങിൻതോപ്പിലായിരുന്നു വിക്ഷേപണത്തറ. അടുത്തുള്ള പ്രൈമറി സ്കൂൾ കെട്ടിടം ആദ്യം ലോഞ്ച് ഓഫീസായും, പിന്നീട് ടെക്നിക്കൽ ലൈബ്രറിയായും രൂപംമാറി. അവിടുത്തെ പഴയൊരു കാലിത്തൊഴുത്ത് സ്പേസ് ലാബായി (ഇന്ത്യയിലെ ആദ്യ സ്പേസ് ലാബ്). 1963 നവംബർ 21 ന് ചെറിയൊരു അമേരിക്കൻ നിർമിത 'നൈക്ക്-അപാഷെ റോക്കറ്റ്' ആ പള്ളി അങ്കണത്തിൽ നിന്ന് കുതിച്ചുയർന്നതോടെ, ഇന്ത്യയുടെ ബഹിരാകാശ ചരിത്ര പുസ്തകത്തിന്റെ, ആദ്യത്തെ അധ്യായം മതസൗഹാർദ്ദത്തിന്റെ തങ്കലിപികളാൽ എഴുതിചേർക്കപ്പെട്ടു.
1969-ൽ 'ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ' (ISRO) നിലവിൽ വന്നതോടെ, തുമ്പ ഇക്വറ്റേറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ' (TERLS)- എന്നാ പഴയ പേര് ഉപേക്ഷിച്ചു. അന്ന്, ആ 'കാലി തൊഴുത്തിൽ' പിറന്ന ഇൻഡ്യയുടെ ബഹിരാകാശ കുതിപ്പ്, ഇന്ന് ചന്ദ്രനിൽ വരെ എത്തി നിൽക്കുന്നു. മികവിന്റെ കാര്യത്തിൽ മുൻനിരയിലാണ് ഇന്ത്യയുടെ സ്പേസ് പ്രോഗ്രാം. എന്നാൽ, ചെലവിന്റെ കാര്യത്തിലോ, പിൻനിരയിലും! അതിനാൽ, കുറഞ്ഞ ചെലവിൽ ഉപഗ്രഹവിക്ഷേപണം നടത്താൻ കൂടുതൽ രാജ്യങ്ങൾ ഐ.എസ്.ആർ.ഒ.യെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു.
എന്തായിരിക്കും, 55- വർഷങ്ങൾക്ക് മുൻപ്, ദീർഘവീക്ഷണത്തോടെ ഈ കാര്യങ്ങളൊക്കെയും ചെയ്യുവാൻ അവർക്ക് ബലം നൽകിയത് ? ഇച്ഛാശക്തിയും, കഠിനാധ്വാനവും, തീർച്ചയായും അവർക്ക് അടിത്തറ പാകിയിരിക്കാം, പക്ഷേ അതിൽ എല്ലാം ഉപരി, ജാതി-മത വർഗ്ഗത്തിന് അതീതമായി 'ഇന്ത്യക്കാരൻ' എന്നൊരു വികാരം അന്നത്തെ തലമുറ നെഞ്ചിൽ ഏറ്റിയിരുന്നു, ഇന്നത്തെ രാഷ്ട്രീയ നാടകത്തിൽ നമ്മൾക്ക് നഷ്ടമായതും അത് തന്നെ !.😊
@Anil Joseph Ramapuram.✍️
വാൽക്കഷണം : ആ കാലത്ത് തുമ്പ ഒരു കുഗ്രാമം ആയിരുന്നു, അതിനാൽ ശാസ്ത്രജ്ഞർ ഭക്ഷണം കഴിക്കാൻ വന്നിരുന്നത്, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ കാന്റീനിൽ ആയിരുന്നു. ആകെയുള്ള, ഒരേയൊരു ജീപ്പ് എപ്പോഴും തിരക്കായതിനാൽ, പലപ്പോഴും സൈക്കിളിലും, കാൽനടയുമായിട്ടായിരുന്നു സഞ്ചരിച്ചിരുന്നത്. പൊതുഅവധി ദിവസങ്ങളിലും, ശനി, ഞായറാഴ്ചകളിലും, ബീച്ചിലും, തിരുവനന്തപുരം 'ശ്രീകുമാർ' തിയേറ്ററുകളിലുമായി ചിലവഴിക്കാൻ അവർ സമയം കണ്ടെത്തിയിരുന്നു.
No comments:
Post a Comment