സന്തോഷ് ജോർജ്ജ് കുളങ്ങര
ഉയർന്ന വിദ്യാഭ്യാസവും ജീവിത നിലവാരവും ഉള്ളപ്പോഴും ഒരു കുട്ടിയുടെ ജനനം മുതൽ മരണം വരെയുള്ള സകല ജീവിതസാഹചര്യങ്ങളിലും പ്രാകൃതമായ ആചാരങ്ങൾ പിന്തുടരുന്ന ഒരു ജനതയെ വിദ്യാഭ്യാസം നേടിയ ഗോത്രവർഗ്ഗം എന്ന് വിളിക്കാനുള്ള കാരണം എന്താണെന്നറിയണമെങ്കിൽ ഈ കുറിപ്പ് വായിക്കണം...
''ഇംഗ്ലീഷ് ഭാഷയോടും പാശ്ചാത്യ ജീവിതരീതിയോടും അൽപ്പം ഇഷ്ടം കൂടുതലായിരുന്നു കൊണ്ടാണ് പലപ്പോഴും ഞാൻ അവരുമായി സംവദിക്കാനുള്ള അവസരങ്ങൾ കണ്ടെത്തിയിരുന്നത് . ഫോർട്കൊച്ചി എന്ന വിനോദസഞ്ചാരകേന്ദ്രം വീടിനടുത്തായിരുന്നത് കൊണ്ടും , മൂന്നാറിൽ ട്രെക്കിങ്ങ് പ്രോഗ്രാമുകൾ നടത്തുന്ന സുഹൃത്തുക്കൾ ഉണ്ടായിരുന്നതുകൊണ്ടും ഇവരുമായി സംസാരിക്കാനും അവരുടെ ജീവിത ശൈലിയെക്കുറിച്ചു പഠിക്കുവാനുമുള്ള അവസരം അത്ര കുറവായിരുന്നില്ല . ഏത് വിദേശിയോടു നമ്മുടെ രാജ്യത്തെപ്പറ്റി അഭിപ്രായം ചോദിച്ചാലും നമ്മുടെ രാജ്യത്തെ ഒരുപാട് പുകഴ്ത്തി പറയുന്നത് മാത്രമേ ഞാൻ കേട്ടിട്ടുള്ളൂ .
അങ്ങനെ ഒരവസരത്തിലാണ് ഗ്രീക്ക് വംശജനും പ്രൊഫസറും ചിത്രകാരനും ജർമനിയിലെ ഒരു യൂണിവേഴ്സിറ്റിയിലെ നരവംശ ശാസ്ത്രജ്ഞനുമായ Prof.Vyron Collin എന്ന ആളെ ഞാൻ പരിചയപ്പെടുന്നത് . മൂന്നാറിലെയും വൈപ്പിനിലെയും ഫോട്കൊച്ചിയിലെയും ഒക്കെ ജനങ്ങളുടെ ജീവിതരീതികളെയും സംസ്കാരങ്ങളെയും നമ്മൾ പിന്തുടർന്ന് പോരുന്ന ആചാര അനുഷ്ഠാനങ്ങളെപ്പറ്റിയെല്ലാം നമ്മളെക്കാളേറെ അറിവ് അദ്ദേഹത്തിനുണ്ടെന്നു സംസാരത്തിൽ നിന്ന് മനസ്സിലായി .
ഏതോ ഒരു സായാഹ്നത്തിലെ ചായസൽക്കാരത്തിനിടയിൽ അദ്ദേഹത്തോട് ഞാനൊരു സംശയം ചോദിച്ചിരുന്നു. " നിങ്ങൾ ഞങ്ങൾ ഇന്ത്യക്കാരെ വെളുത്ത വർഗക്കാരായിട്ടാണോ കറുത്ത വർഗക്കാരായിട്ടാണോ അതോ അതിനടയ്ക്കുള്ളവരായിട്ടാണോ കരുതുന്നത് " എന്ന് . അതിനദ്ദേഹം എനിക്ക് തന്ന മറുപടി " Indians are pretty amazing people " എന്നായിരുന്നു . കേട്ടപടി രോമാഞ്ചം വന്നതുകൊണ്ട് ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടാത്ത കാര്യം അങ്ങ് മറന്നു പോയി . ഒരാഴ്ചത്തെ മൂന്നാർ , വട്ടവട ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിതരീതിയെപ്പറ്റി പേജ് കണക്കിന് എഴുതി നിറച്ചു ബാക്കി ലാപ്ടോപ്പിലും ആക്കി അദ്ദേഹം തിരിച്ചുപോയി .
വർഷങ്ങൾക്കു ശേഷം ന്യൂസീലാന്റിലെ ഒറ്റാഗോ യൂണിവേഴ്സിറ്റിയിൽ ക്ലാസ് എടുക്കാൻ വന്ന സമയത്താണ് വീണ്ടും അദ്ദേഹത്തെ കാണാൻ അപൂർവമായി ഒരവസരം ലഭിച്ചത് . അന്ന് ഫോട്കൊച്ചിയിൽ വെച്ച് ചോദിച്ച ആ ചോദ്യത്തിന്റെ സന്ദർഭം അറിയാതെ സംസാരത്തിനിടയിൽ വന്നതുകൊണ്ട് ഞാനത് വീണ്ടും ചോദിച്ചു . അതിനദ്ദേഹം അപ്പോൾ തന്ന മറുപടി ഇപ്രകാരമായിരുന്നു .
" ആ ചോദ്യം ഞാനോർക്കുന്നുണ്ട് . നിങ്ങളുടെ നാട്ടിൽ വച്ച് നിങ്ങൾക്കിഷ്ടപ്പെടാത്ത ഒരു മറുപടി എത്ര സത്യസന്ധമായിരുന്നാലും അത് നിങ്ങളെ അലോസരപ്പെടുത്തുകയും അനാവശ്യമായി നിങ്ങളുടെ വെറുപ്പ് സമ്പാദിക്കേണ്ടി വരികയും ചെയ്യും , അതുകൊണ്ടാണ് ഞാനതിൽ നിന്നും ഒഴിഞ്ഞു മാറിയത് . അത് മാത്രമല്ല ഏതൊരു സഞ്ചാരിയോടും നിങ്ങൾ നിങ്ങളുടെ രാജ്യത്തെപ്പറ്റി ഒരഭിപ്രായം ചോദിച്ചാൽ നല്ലതുമാത്രം പ്രതീക്ഷിച്ചാൽ മതി . പക്ഷെ സത്യം ഇതൊന്നുമല്ല , പല വികസിത രാജ്യത്തുള്ളവരും നിങ്ങളെ ഉയർന്ന വിദ്യാഭ്യാസമുള്ള ഗോത്രവർഗക്കാരായിട്ടാണ് കാണുന്നത് ".
ലോകത്തിലെ ഏറ്റവും നല്ല രാജ്യം ഇന്ത്യയായതുകൊണ്ടാണ് ഇവരൊക്കെ ഇന്ത്യയിൽ വരുന്നതെന്ന് ധരിച്ചു വച്ചിരിക്കുന്ന ഏതൊരാൾക്കും സഹിക്കാവുന്നതിലും അപ്പുറമുള്ള ഒരു മറുപടിയായിരുന്നു അത് .
പക്ഷെ ഒരു നരവംശ ശാസ്ത്രജ്ഞൻ , സൈക്കോളജിസ്റ്റ് , പ്രൊഫസർ, historian എന്നൊക്കെയുള്ള നിലയിൽ അതെന്തുകൊണ്ടാണ് അങ്ങിനെ പറയാൻ കാരണം എന്ന് തുറന്നു തന്നെ ചോദിക്കേണ്ടിവന്നു . അതിനദ്ദേഹം തന്ന മറുപടി, ഇപ്രകാരമായിരുന്നു .
ഉയർന്ന വിദ്യാഭ്യാസവും , അറിവും , ഒരുപാട് ബുദ്ധിമാന്മാരായ ശാസ്ത്രജ്ഞന്മാരും , ഗവേഷകരും , റോക്കറ്റ് - മിസൈൽ സാങ്കേതിക വിദ്യകളും മറ്റുള്ളവരെക്കാൾ നന്നായി വികസിപ്പിച്ചെടുത്തിട്ടുള്ള , ബുദ്ധിപരമായി ഉയർന്ന ഒരുപാട് ആളുകൾ എല്ലാം ഉള്ള രാജ്യമാണ് ഇന്ത്യ . എന്നിരുന്നാലും അടിസ്ഥാനപരമായ ഗോത്രവർഗ സ്വഭാവം ഇന്നും കാത്തു സൂക്ഷിക്കുന്നവരും അതിൽ അഭിമാനിക്കുന്നവരുമാണ് നിങ്ങൾ . സമാന സ്വഭാവമുള്ള പല ഗോത്രങ്ങളിലൊന്നിൽ ജനിച്ചു വളർന്നതുകൊണ്ടും , അതിനുള്ളിലായിരിക്കുന്നതുകൊണ്ടുമാണ് നിങ്ങൾ അതിനെപ്പറ്റി കൂടുതൽ ചിന്തിക്കാത്തത് .
അതിനുള്ള കാരണം അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ് . "നിങ്ങളുടെ എല്ലാ ആഘോഷങ്ങളും ജീവിതത്തിലെ പ്രധാന പലകാര്യങ്ങളും പല രാജ്യങ്ങളിലെയും ആദിവാസി ഗോത്രവർഗ്ഗങ്ങളുടേതുമായി ഒരുപാട് സാമ്യമുണ്ട് . സാധാരണ എല്ലാ ഗോത്രവർഗ്ഗത്തിൽ പെട്ടവരെയും പോലെതന്നെ നിങ്ങളും അബദ്ധത്തിൽ നിങ്ങൾ ജനിച്ചുവീണ ജാതിയിലും , ഗോത്രത്തിലും , ഗോത്ര പാരമ്പര്യത്തിലും വിശ്വസിക്കുകയും പരിപാലിക്കുകയും ചെയ്തുപോരുന്നുണ്ട് . ഒരു ഗോത്രത്തിൽ പെട്ടവൻ മറ്റൊരു ഗോത്രത്തിലുള്ള പെൺകുട്ടിയെ വിവാഹം കഴിക്കുകയോ മറ്റു ഗോത്രത്തിലുള്ളവരുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുകയോ ചെയ്യാറില്ല . നിങ്ങളിൽ ഭൂരിപക്ഷം പേരും , അതെത്ര ഉയർന്ന വിദ്യാഭ്യാസം ഉള്ളവരായാലും , അങ്ങിനെ തന്നെയാണ് .
എത്ര വിദ്യാഭ്യാസമുള്ള സ്ത്രീകളാണെങ്കിലും പലർക്കും ജോലിക്കു പോകാനോ സ്വതന്ത്രമായി പുരുഷസഹായമില്ലാതെ എവിടെയെങ്കിലും പോകാനോ ഇഷ്ടമുള്ളത് ചെയ്യുവാനോ ഒറ്റയ്ക്ക് അവിവാഹിതയായി ജീവിക്കാനോ ഉള്ള സ്വാതന്ത്ര്യം പല ആഫ്രിക്കൻ ഗോത്രങ്ങളിലേതുപോലെ പൂർണ്ണമായല്ലെങ്കിൽ തന്നെയും നിങ്ങൾക്കും ഇല്ല . സ്ത്രീധനം മുതലായ സാമ്പത്തിക ഇടപാടുകളിൽ കുരുക്കി ഇഷ്ടമില്ലാത്ത ബന്ധത്തിൽ നിന്ന് വിട്ടുപോകാതിരിക്കാനുള്ള ഒരു ചങ്ങല നിങ്ങൾ സ്ത്രീകൾക്ക് ഇട്ടിട്ടുണ്ട് . പൊതുവെ സ്ത്രീകൾ വീട്ടു ജോലിക്കാരിയുടെ അല്ലെങ്കിൽ അടുക്കളപ്പണിക്കാരിക്ക് പകരമായാണ് വിവാഹം ചെയ്യപ്പെടുന്നത് . ആണുങ്ങൾ അവരിലും ഉയർന്ന ഒരു വിഭാഗമാണെന്ന ചിന്ത നിങ്ങളിൽ പലർക്കും ഉണ്ട് . ഇതെല്ലാം നൂറ്റാണ്ടുകൾക്കു മുൻപുണ്ടായിരുന്ന പല പ്രാകൃത ആദിവാസി ഗോത്രവർഗങ്ങളുടെ ഇടയിൽ നിലനിന്നിരുന്നതാണ് .
പല ഗോത്രങ്ങളിലും ആ ഗോത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ലംഘിക്കുന്നവർക്ക് ഊരുവിലക്ക് കല്പിക്കാറുണ്ട് . പലപ്പോഴും ഗോത്രത്തലന്മാരോ അവരുടെ ശിങ്കിടികളോ ഒക്കെ ആയിരിക്കും അതിനു മുൻപിൽ നിൽക്കുന്നത് . അതും നിങ്ങളുടെ ഇടയിൽ മത ജാതീയ പുരോഹിതന്മാരും അതിന്റെ അണികളും ചേർന്ന് നടത്തുന്നതായിട്ട് എനിക്കറിയാൻ കഴിഞ്ഞിട്ടുണ്ട് . പൊലീസോ ഗവർമെന്റോ തീർക്കേണ്ട പല വിഷയങ്ങളും അതിനു പകരം ആൾക്കൂട്ട ആക്രമണമായി തീരാറുണ്ട് . ആൾക്കൂട്ട ആക്രമണങ്ങൾ ഒരു ഗോത്രവർഗ്ഗ സ്വഭാവമാണ് . ഇന്ത്യയിൽ അത് ധാരാളമായി നടക്കുന്നുണ്ട് .
പുതിയ വീട്ടിൽ താമസിക്കാനും , മരണാന്തര ചടങ്ങുകളും , മരിച്ചയാളുടെ പ്രേതം/ആത്മാവ് മുതലായവയെ പൂജിക്കുകയോ മോക്ഷം കൊടുക്കുകയോ ഒക്കെ വേണ്ടിയുള്ള ഗോത്ര ആചാരങ്ങൾ , വിശ്വാസങ്ങൾ ഒക്കെ പല ഗോത്രത്തിലും പലതായിരിക്കും . നിങ്ങളിപ്പോഴും ആ ഗോത്ര ആചാരങ്ങൾ പിന്തുടരുന്നു . ആ വിശ്വാസം ആഴമേറിയതാണെന്നു മാത്രമല്ല അതിൽ നിന്ന് വ്യതിചലിക്കാൻ അവർ തയ്യാറാവുകയുമില്ല . അതിൽ നിന്നും വ്യതിചലിക്കുന്നത് വലിയ തെറ്റായിട്ടാണ് ലോകത്തിലെ എല്ലാ ഗോത്രവർഗ്ഗത്തിൽപ്പെട്ടവരും കരുതുന്നത് . നിങ്ങൾ നിങ്ങളുടെ പാരമ്പര്യത്തെയും ഇത്തരം ആചാരങ്ങളെയും എല്ലാം വളരെ അഭിമാനത്തോടെയാണ് കാണുന്നതും ആചരിക്കുന്നതും . ഇന്ത്യയിൽ അതിനെ cast(ജാതി) എന്ന് വിളിക്കുന്നു എന്ന് മാത്രം . സത്യത്തിൽ ഓരോ ജാതികളും ഓരോ പഴയ ഗോത്രവർഗ്ഗങ്ങൾ ആയി കണക്കാക്കാം .
ഒരു മിസൈലോ റോക്കറ്റോ യുദ്ധവിമാനമോ ഒക്കെ പുതുതായി ഇറക്കുന്നതിനു മുൻപ് "poojaas" എന്ന് നിങ്ങൾ വിളിക്കുന്ന ചില ഗോത്രാചാരപ്രകാരമുള്ള ചടങ്ങുകളൊക്കെ നിങ്ങൾ ഇന്നും നടത്താറുണ്ട് . അതില്ലെങ്കിൽ അത് പിഴച്ചുപോകും എന്ന പഴയ ഗോത്രവിശ്വാസത്തിന്റെ വിട്ടുകളയാൻ പറ്റാത്ത എന്തോ നിങ്ങളിൽ ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ട് . അത് തെറ്റാണെന്നല്ല ഞാൻ പറഞ്ഞത് . അതിഷ്ടപ്പെടുന്ന ഒരുപാട് പാശ്ചാത്യർ ലോകത്തുണ്ട് . ഒരുപാട് സ്വാതന്ത്ര്യം നിറഞ്ഞ meterialistic ലോകത്തുനിന്ന് ഭക്തിയും വിശ്വാസവും ഗോത്രാചാരങ്ങളും വിട്ടുകളയാതെ ജീവിക്കുന്ന ഒരു ജനവിഭാഗത്തെ കാണാനാണ് അവർ ഇന്ത്യയിൽ വരുന്നത് . അതിഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ലോകത്തുണ്ട്, നിങ്ങളിലും അത്തരം ആളുകളുണ്ട് . നിങ്ങളുടെ ക്ഷേത്രശില്പ ചാരുതയും , അതിലെ richness ഉം , സമ്പൽ സമൃദ്ധിയുമൊന്നും ലോകത്തിലെ മറ്റൊരു ഗോത്രത്തിനും അവകാശപ്പെടാനുമില്ല . മറ്റൊരുതരത്തിൽ പറഞ്ഞാൽ ലോകത്തിൽ civilised ആയിട്ടുള്ള എന്നാൽ ഗോത്രസ്വഭാവവും അന്ധവിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠിച്ചുപോരുന്ന ഒരു പ്രത്യേക ജനവിഭാഗം നിറഞ്ഞിരിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ .
വൃത്തിയില്ലായ്മയും കൈക്കൂലിയും അഴിമതിയും മാത്രം മാറ്റിയാൽത്തന്നെ പലരാജ്യങ്ങളും ഇന്ത്യയോട് കിടപിടിക്കാൻ ബുദ്ധിമുട്ടും .
കാലത്തിനനുസരിച്ചു നിങ്ങളുടെ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് . വ്യക്തി സ്വാതന്ത്ര്യം എന്നത് നിങ്ങളുടെ രാജ്യത്തിന് അന്യമാണ് . ഒരാൾ മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഒരു നാണവുമില്ലാതെ ഇടപെടും . ഒരു പരിചയം ഇല്ലാത്തവനെയും അവരെ നഗ്നമാക്കുന്ന രീതിയിൽ തുറിച്ചു നോക്കിക്കൊണ്ടേയിരിക്കും . ഒരു പരിചയമില്ലാത്തവന്റെയും കുടുംബ/വ്യക്തികാര്യങ്ങളിൽ അഭിപ്രായം പറയുകയും അവകാശമുള്ളതുപോലെ ഇടപെടുകയും ചെയ്യും . അങ്ങിനെ ചെയ്യുന്നതുകൊണ്ട് മറ്റുള്ളവർക്കുണ്ടാകുന്ന ബുദ്ധിമുട്ട് മനസ്സിലാക്കാനുള്ള വിവേകമോ ബുദ്ധിയോ ആർക്കും തന്നെയില്ല .
എല്ലാം അറിയാവുന്നവനാണ് ഞാൻ എന്ന ഭാവത്തിൽ അറിയാത്ത കാര്യങ്ങളിൽ ഒഫീഷ്യൽ ആയി അഭിപ്രായം പറയും , ഉപദേശിക്കും , ശകാരിക്കും , ചിലപ്പോൾ ഉപദ്രവിച്ചെന്നുമിരിക്കും . വ്യക്തിസ്വാതന്ത്ര്യം നിയമം കൊണ്ട് നടപ്പിലാക്കണം. അതിനു ബോധമുള്ള ഒരു ഭരണകൂടം നിങ്ങൾക്കുണ്ടാവണം.
എന്തിനും ഏതിനും കൈക്കൂലി കൊടുക്കാതെ ഒന്നും നടക്കാത്ത ഒരു രാജ്യമായി നിങ്ങൾ മാറിപ്പോകുന്നത് നിങ്ങൾ മനപ്പൂർവം മറച്ചുവക്കുന്നു. ഉപബോധമനസ്സിൽ അടിയുറച്ചുപോയ വിഡ്ഢിത്തപരമായ ചില രാഷ്ട്രീയ ആശയങ്ങളാണ് നിങ്ങൾക്ക് ഒരു നല്ല ഭരണാധികാരിയെ കിട്ടുന്നതിൽനിന്നും വിലക്കുന്നത്. നിങ്ങൾ നല്ല വ്യക്തികളെ നോക്കി തിരഞ്ഞെടുക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. അന്ധവിശ്വാസങ്ങൾ പോലെതന്നെയാണ് രാഷ്ട്രീയപ്പാർട്ടികളിലുള്ള വിശ്വാസവും.
നിങ്ങളിലാരും തന്നെ ലോകത്തിന്റെ മാറ്റം നോക്കിക്കാണുകയോ അതെങ്ങിനെ സംഭവിക്കുന്നുവെന്നു മനസ്സിലാക്കാൻ ശ്രമിക്കുകയൊ ചെയ്യുന്നില്ല. അറിവുള്ളവർ പറയുന്നതിനേക്കാൾ നിങ്ങൾ മീഡിയകളിലൂടെ വരുന്ന സത്യമല്ലാത്ത പല വാർത്തകൾക്കും കിംവദന്തികൾക്കും പുറകെ പോകാൻ ഇഷ്ടപ്പെടുന്നു.
ജനസംഖ്യാ പെരുപ്പമാണ് എല്ലാ വികസനങ്ങൾക്കും വൃത്തിയില്ലായ്മയ്ക്കും അടിസ്ഥാനം എന്ന് നിങ്ങളെ അവർ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. നിങ്ങൾ അത് അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. കുട്ടികളെ ശകാരിച്ചും തല്ലിയും മാത്രമേ വിദ്യാഭ്യാസം കൊടുക്കാവൂ എന്ന് നിങ്ങൾ കരുതുന്നു. അങ്ങിനെ വളർന്നു വരുന്നവനാണ് മറ്റുള്ളവരോടും, അറിയാതെ തെറ്റ് പറ്റിപ്പോകുന്നവനോടും ക്രൂരമായി ശകാരിക്കുകയും തല്ലുകയും ഒക്കെ ചെയ്യുന്നത് എന്ന് നിങ്ങളിലാരും തന്നെ മനസ്സിലാക്കുന്നതുമില്ല.
വൃത്തിയായി സ്കൂൾ പരിസരം സൂക്ഷിക്കാത്ത, ക്ലാസ്സ് മുറികളിൽ സ്നേഹത്തോടെ പെരുമാറാനറിയാത്ത ഒരുപാട് അധ്യാപകരെ ഞാൻ കണ്ടു. അവിടെ നിന്നും പഠിച്ചിറങ്ങുന്ന ഒരാൾ എങ്ങിനെ നിങ്ങളുടെ നാട് വൃത്തിയായി സൂക്ഷിക്കുകയും മറ്റുള്ളവരോട് സ്നേഹത്തോടെ പെരുമാറുകയും ചെയ്യും? എത്രയോ ആവശ്യമില്ലാത്ത കാര്യങ്ങളാണ് സ്കൂളുകളിൽ നിങ്ങൾക്ക് പഠിക്കുവാനുള്ളത്? ഒരു നല്ല പൗരനെ വാർത്തെടുക്കുവാനാവശ്യമായ ഒന്നും തന്നെ നിങ്ങളുടെ ഒരു സ്കൂളുകളിലും പഠിപ്പിക്കുന്നതേയില്ല. മാത്രമല്ല കുട്ടികളെ പഠിപ്പിക്കുവാൻ അർഹതയുള്ള അധ്യാപകർ തന്നെ വിരളമാണ്. ഇത് പറയുമ്പോൾ നിങ്ങൾക്കെന്നോട് ദേഷ്യം തോന്നാം. ചെറുപ്പം മുതലേ ഉപബോധ മനസ്സിലേക്കു അടിച്ചു കയറ്റപ്പെട്ട കുറെ വിശ്വാസങ്ങളാണ് നിങ്ങളെ ഇപ്പോഴും നയിക്കുന്നത്.
നിങ്ങളുടെ രാജ്യത്തുടനീളമുള്ള ഓരോ ഗ്രാമങ്ങളിൽ ചെല്ലുമ്പോഴും ലോകത്തിലെ ഏറ്റവും വൃത്തിയും സംസ്കാരവും ബുദ്ധിയുമുള്ള ജനങ്ങൾ അവരാണെന്നു എന്നെ വീണ്ടും വീണ്ടും പറഞ്ഞു ബോധ്യപ്പെടുത്താൻ അവർ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. ഞാൻ അത് പൂർണമായും സമ്മതിച്ചു കൊടുക്കും. നല്ല സംസ്കാരമുള്ളവർ ആരും തന്നെ എന്റെ സംസ്കാരമാണ് ഏറ്റവും നല്ലതെന്നു പറയില്ല എന്ന് അവർക്കറിയില്ലല്ലോ.
എന്റെ രാജ്യത്തെക്കാൾ നല്ല മറ്റൊരു രാജ്യവും സംസ്കാരവും ലോകത്തില്ല എന്ന് വിചാരിച്ചു സ്വയം വിഡ്ഢിയായിരിക്കുന്നിടത്തോളം കാലം നിങ്ങളുടെ രാജ്യത്തിന് ഒരു മാറ്റമോ പുരോഗമനമോ ഉണ്ടാവുകയില്ല. നിങ്ങളുടെ നല്ലതും കുറവുകളും മനസ്സിലാക്കാൻ പല രാജ്യങ്ങളിൽ യാത്രചെയ്തു തന്നെ നോക്കണം. അവിടത്തെ ജീവിതരീതി എന്താണെന്ന് പഠിക്കണം. നമ്മുടെയും അവരുടേതുമായ ജീവിതരീതികൾ തമ്മിൽ താരതമ്യം ചെയ്തു നോക്കണം. അപ്പോൾ നമ്മൾ നമ്മളിൽ കണ്ടെത്തുന്ന കുറവുകൾ, കുറവുകളാണെന്നു മനസ്സിലാക്കിയാൽ മാത്രമേ അതിൽ നിന്നും മെച്ചപ്പെട്ട ജീവിത നിലവാരത്തിലേക്ക് മാറുവാൻ നിങ്ങൾക്ക് കഴിയുകയുള്ളൂ.
സമാധാനമായി ജീവിക്കുന്ന ജനങ്ങളുള്ള, അഴിമതി ഏറ്റവും കുറഞ്ഞ, ലോകത്ത് ഏറ്റവും സന്തോഷമായി ജീവിക്കുന്ന ജനങ്ങളുള്ള, ലോകത്ത് പട്ടിണിയും ദാരിദ്ര്യവും ഇല്ലാത്ത രാജ്യങ്ങളുടെ പട്ടിക നിങ്ങൾ എടുത്തു നോക്കിയിട്ടുണ്ടോ? ഇരുനൂറിനടുത്ത് രാജ്യങ്ങളുള്ള ഈ ഭൂമിയിൽ അവസാനത്തെ അമ്പതു രാജ്യങ്ങളിൽ പോലും ചിലപ്പോൾ നിങ്ങൾ ഉണ്ടാവില്ല. എന്നിട്ടും നിങ്ങൾ മറ്റുള്ളവരെ, യൂറോപ്യൻ, സ്കാന്ഡിനേവിയൻ രാജ്യങ്ങളെ വെറുതെ കുറ്റം പറഞ്ഞും കളിയാക്കിയും പുച്ഛിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
ആയിരത്തഞ്ഞൂറും രണ്ടായിരവും അയ്യായിരവും മുൻപുള്ള മതങ്ങൾ പറഞ്ഞ നിയമങ്ങൾ അത്രയും കൊല്ലം മുൻപുള്ള ജീവിത സാഹചര്യങ്ങൾക്ക് വേണ്ടി മാത്രമുള്ളതായിരുന്നു. ഇന്നും അത് തുടരണം എന്ന് പറയുന്നത് ഇന്നത്തെ മനുഷ്യ സമൂഹത്തെ മുഴുവൻ അത്രയും കൊല്ലം പുറകിലേക്ക് കൊണ്ടുപോകാനും കാട്ടാളന്മാരാകാനും മാത്രമേ ഉപകരിക്കൂ. അത്തരം പാരമ്പര്യങ്ങൾ കാത്തു സൂക്ഷിക്കുന്ന രാജ്യങ്ങൾ ആണ് പട്ടിണിയും ദാരിദ്ര്യവും കൊലപാതകങ്ങളുമായി ലോകത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന രാജ്യങ്ങൾ എന്ന് സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ. അതുപോലും ഇല്ലാത്തവരുടെ എണ്ണം നിങ്ങളുടെ രാജ്യത്തു കൂടിക്കഴിഞ്ഞു.
എന്റെ പഠനത്തിലും ഗവേഷണത്തിലും നോക്കുമ്പോൾ നിങ്ങളുടെ വിദ്യാഭ്യാസ രീതിയിൽ കാര്യമായ മാറ്റം വരുത്തുന്നില്ല എങ്കിൽ നിങ്ങളുടെ രാജ്യത്തിന്റെ നാളത്തെ അവസ്ഥ ഞാനിവിടെ പറയാൻ ഇഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞാണ് അദ്ദേഹം സംഭാഷണത്തിന് വിരാമമിട്ടത്...
ഇതിലെ ഞാൻ എന്ന കഥാപാത്രം മെമ്മറീസ് ഓഫ് മർഡറിലെ ഡിറ്റെക്ടീവിനെ പോലെ നമ്മളോരുരുത്തരേം തന്നെയാണ് നോക്കുന്നത്, ഒരു കണ്ണാടി പോലെ, അത് നമ്മൾ തന്നെയാണ് എന്ന് വ്യക്തം
ഇന്ത്യയിൽ മുന്തിയവരെന്ന് സ്വയം നടിക്കുന്ന മലയാളികള് പോലും ഇപ്പഴും അതേ കിണറ്റിൽ തന്നെയാണ്, പിന്നെ റെസ്റ്റ് ഓഫ് ഇന്ത്യടെ കാര്യം പറയണോ, Santhosh George Kulangara ഇന്നത്തെ ലോകത്തെ കുറിച്ച് എല്ലാ കാര്യങ്ങളും എന്നും പറഞ്ഞ് പഠിപ്പിച്ച് തരുന്നുണ്ട്, പക്ഷെ ഈ 2021 ലും എവിടെയൊ എന്തോ തകരാറ് പോലെ നമ്മളും ഇങ്ങനെ പോണു, ഏതോ ഒരുത്തി പറഞ്ഞ പോലെ, ആ ന്നാ പിന്നെ അനുഭവിച്ചോ!
കടപ്പാട് : സ്വർഗ്ഗത്തിലെ കൂപമണ്ഡൂകങ്ങൾ,
തെളിവുകൾ : Safari tv