മതം പഠിപ്പിക്കാതെ ജീവിതം പഠിപ്പിക്കുന്ന ജപ്പാൻ
ജപ്പാനെന്ന് കേൾക്കുമ്പോഴേ ആദ്യം നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത് ഇലക്ട്രോണിക്സ് ഉപകരണങ്ങളും, കാറുകളുമാണ്.
ഏഷ്യയിലെ ഏറ്റവും സമ്പന്നവും, ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയുമാണ് ജപ്പാൻ. എന്നാൽ അത് മാത്രമല്ല ജപ്പാനിലെ ജനസംഖ്യയിൽ 60% ൽ കൂടുതൽ ആളുകൾ ഒരു മതത്തിലും വിശ്വസിക്കാത്തവരും, മതത്തിൽ താത്പര്യമില്ലാത്തവരുമാണ്. സമാധാന പ്രീയരും, വർഗ്ഗീയത എന്നത് കേട്ട് കേൾവിയില്ലാത്തതുമായ രാജ്യം കൂടിയാണ് ജപ്പാൻ.
മത വിശ്വാസങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ടെങ്കിലും മതം തലയ്ക്ക് പിടിക്കാത്ത ഒരു ജനതയാണ് ജപ്പാൻകാർ. മതവിശ്വാസികൾ പോലും മറ്റുള്ളവർക്ക് ശല്യമാകാതെ മത ജീവിതം നയിക്കുന്നു. സെമിറ്റിക് മതങ്ങളെയും, ഹിന്ദു മതത്തെയും അടുപ്പിക്കാത്ത ഒരു രാജ്യം കൂടിയാണ് ജപ്പാൻ. കുട്ടികളെ സ്കൂളിൽ മതപഠനമോ, മത കഥകളോ പഠിപ്പിക്കാൻ പാടില്ല എന്ന് ഭരണഘടനയിൽ പറയുന്നു. പകരം ധാർമികത, നീതി, കഠിനാധ്വാനം, എളിമ എന്നിവയാണ് അവർ കുട്ടികളെ പഠിപ്പിക്കുന്നത്. കുട്ടികൾ തന്നെ അവരവരുടെ ക്ലാസ്സ് റൂമുകൾ വൃത്തിയാക്കുക, അവനവന്റെ പാത്രം കഴുകുക, ശുചിത്വം തുടങ്ങിയവയിൽ നിന്നും തുടങ്ങുന്നു അവരുടെ വിദ്യാഭ്യാസം. എങ്ങനെയാണ് ഒരു രാജ്യത്തെ ഉത്തരവാദിത്വമുള്ള ഒരു പൗരനെ വാർത്തെടുക്കേണ്ടത് എന്ന് നമ്മൾ ജപ്പാൻകാരെ കണ്ടു പഠിക്കണം. നമ്മുടെ നാട്ടിൽ ജനിച്ച് അധികം വൈകാതെ കുട്ടികളെ മത പഠനത്തിലേക്ക് തള്ളി വിടുന്ന കാഴ്ച്ചയാണ് കാണുന്നത്.
സർക്കാർ മതങ്ങൾക്കോ, മത സ്ഥാപനങ്ങൾക്കോ ഒരു ആനുകൂല്യം പോലും നൽകില്ല. മതത്തെ സർക്കാർ അകറ്റി നിർത്തുന്നു. നമ്മുടെ രാജ്യത്ത് വോട്ട് ബാങ്ക് ലക്ഷ്യമാക്കി മതപ്രീണനം നടത്തുന്ന രാഷ്ട്രീയ പാർട്ടികളും, സർക്കാരും മതത്തിന്റെ പുറകെ പോകുന്ന കാഴ്ച്ചയാണ് കാണുന്നത്. ആരെയും മത ജീവിതം നയിക്കാൻ നിർബന്ധിക്കാൻ പാടില്ല എന്നും ഭരണഘടനയിൽ തന്നെ വ്യക്തമായി പറയുന്ന രാജ്യമാണ് ജപ്പാൻ. മത തടവുകാരോ മതത്തിന്റെ പേരിൽ കുറ്റ കൃത്യങ്ങളോ ഇല്ലാത്ത ഒരു രാജ്യം കൂടിയാണ് ജപ്പാൻ. അപ്പോൾ തന്നെ മനസ്സിലാക്കാം സർക്കാരും, ജനങ്ങളും മതത്തിന് എത്ര കുറഞ്ഞ പ്രാധാന്യമാണ് കൊടുക്കുന്നത് എന്ന്. ക്രൈം റേറ്റ് ഏറ്റവും കുറവുള്ള രാജ്യങ്ങളിൽ മുൻപന്തിയിലാണ് ജപ്പാൻ. കല്യാണത്തിന് മുൻപ് പുരുഷനും, സ്ത്രീയും രക്ത പരിശോധന നടത്തി ചേരുന്ന ഗ്രൂപ്പാണോ, അസുഖങ്ങൾ ഉണ്ടോ എന്നാണ് ജപ്പാൻകാർ ചെയ്യുന്നത് അതേസമയം കല്യാണത്തിന് ജാതകം നോക്കി ജീവിതം പാഴാക്കുന്ന നമ്മൾ ഇത് കണ്ടു പഠിക്കേണ്ടതാണ്. ആയുർദൈർഘ്യത്തിലും ലോകത്ത് മുൻ നിരയിലാണ് ജപ്പാന്റെ സ്ഥാനം. എല്ലാ വർഷവും സെപ്റ്റംബർ മാസത്തെ മൂന്നാമത്തെ തിങ്കളാഴ്ച Respect for the Aged Day ആയി ജപ്പാൻ ആഘോഷിക്കുന്നു. പ്രായമായവരെ ആദരിക്കുന്ന ദിവസമാണ് അന്ന്.
ശാസ്ത്ര സാങ്കേതിക വിദ്യക്ക് ഇത്രയും പ്രാധാന്യം കൊടുക്കുന്ന മറ്റൊരു രാജ്യവും കാണില്ല. അണുബോബ് വീണ് തകർന്ന് പുല്ല് പോലും മുളക്കാത്തിടത്തു നിന്നും വൻശക്തിയായി ഉയർന്നത് അവരുടെ കഠിനാധ്വാനം കൊണ്ട് മാത്രമാണ്. മതത്തെ തിരസ്ക്കരിക്കുന്ന കാര്യത്തിലും അവർ മുൻപന്തിയിൽ തന്നെ. മതരഹിത സമൂഹത്തിൽ വർഗ്ഗീയതയും, കുറ്റകൃത്യങ്ങളും കുറവായിരിക്കും എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ജപ്പാൻ.
മതേതരം എന്ന് നാഴികയ്ക്ക് നാല്പതുവട്ടം പ്രസംഗിച്ചത് കൊണ്ടു കാര്യമില്ല അത് പ്രാവർത്തികമാക്കുകയാണ് വേണ്ടത് അക്കാര്യത്തിൽ ജപ്പാനെ കണ്ട് പഠിക്കണം
വിനീത് രാജ്
No comments:
Post a Comment